ഡബ്ലിന്‍: അയര്‍ലണ്ടില്‍ ചൈല്‍ഡ് ബെനഫിറ്റ് ലഭിക്കുന്നവര്‍ക്ക് നിലവില്‍ ലഭിക്കുന്നതിന്റെ ഇരട്ടി തുക നല്‍കാന്‍ സര്‍ക്കാര്‍ ആലോചന. ഒക്ടോബര്‍ 10ന് നടക്കുന്ന അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണത്തില്‍ പ്രഖ്യാപിച്ചേക്കും.
ഇത് നടപ്പിലായാല്‍ നിലവില്‍ ഒരു കുട്ടിക്ക് 140 യൂറോ ലഭിക്കുന്ന കുടുംബങ്ങള്‍ക്ക് 280 യൂറോയും മൂന്ന് കുട്ടികളുള്ള ഒരു കുടുംബത്തിന് ഒരു മാസത്തില്‍ 840 യൂറോ ലഭിക്കും, നാല് കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് പ്രതിമാസം 1,120 യൂറോ ലഭിക്കും.അയര്‍ലണ്ടിലെ 638,000 കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. സംയുക്ത ഭരണകക്ഷികളുടെ തീരുമാനമാണെന്നതിനാല്‍ ബജറ്റില്‍ ഈ നിര്‍ദേശം ഉള്‍പ്പെടുത്തിയേക്കും എന്നാണ് സൂചനകള്‍.
കുടുംബങ്ങളെ പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു ബജറ്റ് വേണം അവതരിപ്പിക്കേണ്ടതെന്ന് ഭരണകക്ഷികള്‍ അഭിപ്രയപ്പെടുന്നു. പുതിയ നിര്‍ദേശങ്ങള്‍ക്ക് സാമൂഹ്യ സംരക്ഷണ മന്ത്രി ഹീതര്‍ ഹംഫ്രീസും ബജറ്റ് ഫണ്ടിംഗ് അനുവദിക്കുന്നതിന് അനുകൂലമാണ്. ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.