രാജ്യത്ത് കോവിഡിനെതിരായ ഇന്‍ട്രാ നേസല്‍ വാക്സിന്‍റെ പരീക്ഷണം എയിംസില്‍ ആരംഭിച്ചു. ഭാരത് ബയോടെക് ആണ് നേസല്‍ വാക്സിന്‍ നിര്‍മിക്കുന്നത്. കോവാക്സിന്‍റെയോ കോവിഷീല്‍ഡിന്‍റെയോ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസായായിരിക്കും നല്‍കുക.
18 വയസ് പൂര്‍ത്തിയാക്കുകയും, അഞ്ച് മുതല്‍ ഏഴ് മാസം മുമ്ബ് വരെ വാക്സിനേഷന്‍ പൂര്‍ത്തിയായവര്‍ക്കുമായിരിക്കും വാക്സിന്‍ നല്‍കുകയെന്ന് എയിംസിലെ സെന്‍റര്‍ ഫോര്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രഫസര്‍ ഡോ. സഞ്ജയ് റായ് അറിയിച്ചു.
ഭാരത് ബയോടെക് നിര്‍മിച്ച ബി.ബി.വി154 എന്ന വാക്സിനാണ് പരീക്ഷണ അനുമതി ലഭിച്ചിരിക്കുന്നത്. ജനുവരിയിലാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കിന്‍റെ നേസല്‍ വാക്സിന്‍റെ പരീക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്.
ഓരോ ഡോസിലും 0.5 മില്ലി അടങ്ങിയിരിക്കുന്ന ഇന്‍ട്രാനാസല്‍ വാക്സിന്‍ പരീക്ഷണം രാജ്യത്തെ ഒന്‍പത് സ്ഥലങ്ങളിലായിരിക്കും നടക്കുക. അഹമ്മദാബാദ് (ഗുജറാത്ത്), ഡല്‍ഹി എയിംസ്, പട്ന എയിംസ് , ഓയ്സ്റ്റര്‍ ആന്‍ഡ് പേള്‍സ് ഹോസ്പിറ്റല്‍-പൂനെ, ബി.ഡി ശര്‍മ്മ പോസ്റ്റ്ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് റോഹ്താക് (ഹരിയാന), ആചാര്യ വിനോബ ബാവെ റൂറല്‍ ആശുപത്രി, ജീവന്‍ രേഖ ആശുപത്രി ബെലഗാവി, റാണ ആശുപത്രി-ഖോരക്പൂര്‍, പ്രഖാര്‍ ഹോസ്പിറ്റല്‍ ഉത്തര്‍ പ്രദേശ് തുടങ്ങിയ പ്രദേശങ്ങളിലായിരിക്കും വാക്സിനേഷന്‍ ക്യാമ്ബുകള്‍ നടക്കുക.