പാലക്കാട്: കോൺഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ് .കോങ്ങാണ്ട് സീറ്റ് ലീഗിന് വിട്ടുകൊടുത്തത് പ്രതിഷേധാർഹമാണ് .ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ കോങ്ങാട് സീറ്റ് മുസ്ലീം ലീഗിന് നല്‍കിയതിനെതിരേ ആണ് യൂത്ത് കോണ്‍ഗ്രസ് പ്രമേയം ഉണ്ടായിരിക്കുന്നത് താല്‍പര്യമില്ലാതിരുന്നിട്ടും സീറ്റ് കോണ്‍ഗ്രസ് നിര്‍ബന്ധിച്ച് മുസ്ലീം ലീഗിന് നല്‍കിയെന്നാണ് വിമര്‍ശനം.
കോണ്‍ഗ്രസ് മത്സരിച്ചപ്പോള്‍ നിസ്സാരവോട്ടിന് കൈവിട്ട മണ്ഡലം അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ചെടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ മത്സരിച്ച സീറ്റിലേക്ക് ഇത്തവണ മുസ്ലീം ലീഗിന്റെ യുസി രാമനാണ് മത്സരിച്ചത്. പന്തളത്തിനേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് ഇത്തവണ യു സി രാമന്‍ പരാജയപ്പെട്ടത്. പന്തളത്തിന് മണ്ഡലത്തില്‍ 47,519 വോട്ട് ലഭിച്ചപ്പോള്‍ യുസി രാമന്‍ 40,662 വോട്ടിലേക്ക് ചുരുങ്ങി. നിലവില്‍ സിപിഐഎമ്മിന്റെ കെ ശാന്തകുമാരിയാണ് എംഎല്‍എ.
മലമ്പുഴ മണ്ഡലത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാക്കുന്നവര്‍ ചുവരുണ്ടെങ്കിലേ ചിത്രം വരക്കാനാവൂവെന്ന് ഓര്‍ക്കണമെന്നും പ്രമേയത്തിലുണ്ട്. ആരുടേയും പേര് പരാമര്‍ശിക്കാതെയാണ് വിമര്‍ശനം. ശശി തരൂരിനെ പേരെടുത്ത് പരാമര്‍ശിക്കാതെയുള്ള പിന്തുണയും യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തില്‍ അവതരിപ്പിച്ചു.
ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുന്ന പ്രസ്താനത്തില്‍ ജനസ്വാധീനമുള്ള നേതാക്കള്‍ക്ക് ഭ്രഷ്ട് കല്‍പിക്കുന്ന കോണ്‍ഗ്രസ് നടപടി അനുവദിക്കില്ല. ഇത്തരം നേതാക്കള്‍ക്ക് വേദി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറാകുമെന്നും പ്രമേയത്തില്‍ പറയുന്നു. അട്ടപ്പാടിയില്‍ രണ്ടു ദിവസമായി നടക്കുന്ന ക്യാമ്പിലാണ് വിമര്‍ശനമുയര്‍ന്നത്.