ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മൽസരിക്കാൻ തയ്യാറാണെന്ന് ഡോ. കഫീൽ ഖാൻ. ആര് സീറ്റ് തന്നാലും സ്വീകരിക്കുമെന്നും കഫീൽ ഖാൻ പറയുന്നു. ആർ എസ് എസ് ആണ് തന്റെ പ്രധാന എതിരാളിയെന്നും 2017 മുതൽ താൻ വേട്ടയാടപ്പെടുകയാണെന്നും കഫീൽ ഖാൻ പറയുന്നു.
എനിക്ക് യോഗിക്കെതിരെ മൽസരിക്കണം. കോൺഗ്രസ്, എസ്പി തുടങ്ങി ബിജെപിക്ക് എതിരായി അണിചേരുന്ന ഏത് പാർട്ടിയുടെ സ്ഥാനാർഥിയാകാനും തയ്യാറാണ്. അവർ എനിക്ക് സീറ്റ് തരണമെന്നാണ് അപേക്ഷ. ഇതേക്കുറിച്ച് പാർട്ടികളുമായി ചർച്ചകൾ നടക്കുകയാണ്.
ഉത്തർപ്രദേശിനെ ഇപ്പോൾ കാണുന്ന രീതിയിൽ നശിപ്പിച്ചവർക്കെതിരെയാണ് എന്റെ പോരാട്ടം. ഞാനും ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും സുഹൃത്തുക്കളാണ്. അദ്ദേഹം ഗോരഖ്പൂരിൽ മൽസരിക്കുമെന്ന് പറയുന്നു. ആസാദുമായി ചർച്ചകൾ ഉണ്ടാകുമെന്നും കഫീൽ ഖാൻ പറയുന്നു.
തൻറെ പ്രധാന ശത്രു ആർഎസ്എസ് ആണെന്നും യോഗിയോ മോദിയോ മറ്റ് വ്യക്തികളോ അല്ല തൻറെ പ്രധാന ശത്രു എന്നും കഫീൽ ഖാൻ പറയുന്നു . അവരുടെ പ്രത്യയശാസ്ത്രത്തോടാണ് വിയോജിപ്പ്. മനുഷ്യരെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്ന ചിന്താഗതിയെ ഒരിക്കലും ഉൾക്കൊള്ളാനാകുന്നില്ല.
യുപി തിരഞ്ഞെടുപ്പിന് ഇനി ഒരു മാസം മാത്രമേ ബാക്കിയുള്ളൂ. ഇവിടെ എന്നാൽ അവർ ആരോഗ്യത്തെക്കുറിച്ചോ, വിദ്യാഭ്യാസത്തെക്കുറിച്ചോ തൊഴിലില്ലായ്മയെക്കുറിച്ചോ സംസാരിക്കുന്നില്ല. അവർ സംസാരിക്കുന്നത് മുഴുവൻ പാക്കിസ്താൻ, ഖാലിസ്താൻ, ജിന്ന തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ്.
മുഖ്യമന്ത്രി തന്നെ സംസാരിക്കുന്നത് നക്സലിസത്തെക്കുറിച്ചൊക്കെയാണ്. ഈ സർക്കാർ ചെയ്തത് എന്താണെന്ന് അറിയുമോ? ഇവിടുത്തെ 16 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളിൽ വർഗീയത കുത്തി നിറച്ചു. അവരുടെ മനസ്സിനെ മലീമസമാക്കി.
അവർ പോലും മതത്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്. വിദ്യാഭ്യാസത്തിനേക്കാൾ, തൊഴിലിനെക്കാൾ വലുതാണ് മതം എന്ന ചിന്ത അവരിൽ വളർത്തി. ഇതെല്ലാം കുറച്ചാളുകളിൽ യോഗി വിരുദ്ധ തരംഗം ഉണ്ടാക്കിയിട്ടുണ്ട് എന്ന് കഫീൽഖാൻ ചൂണ്ടിക്കാട്ടി.