കൊല്ലം : ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസിൽ പുത്തൻ വഴിത്തിരിവ്. കേസിലെ പ്രതിയായ ഭർത്താവ് കിരണിന്റെ പിതാവ് സദാശിവൻ പിള്ള കൂറു മാറി.
ആത്മഹത്യാ കുറിപ്പ് എഴുതി വച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്നാണ് സദാശിവൻ പിള്ള കോടതിയിൽ മൊഴി നൽകിയത്. കുറിപ്പ് താൻ വീട്ടിലെത്തിയ ഒരു പൊലീസുകാരന് കൈമാറിയെന്നും ഇയാൾ കോടതിയിൽ പറഞ്ഞു.
നേരത്തെ വിസ്മയയുടെ മരണസമയത്ത് പൊലീസിന് നൽകിയ മൊഴിയിലോ മാധ്യമങ്ങളോടോ ആത്മഹത്യാക്കുറിപ്പിനെ കുറിച്ച് പിള്ള പറഞ്ഞിട്ടില്ലായിരുന്നു. ഇതോടൊപ്പം, ശബ്ദം കേട്ടെത്തിയപ്പോൾ നിലത്ത് കിടത്തിയ നിലയിലാണ് വിസ്മയയെ കണ്ടതെന്നും പിള്ള വിശദീകരിച്ചിരുന്നു.
എന്നാലിപ്പോൾ ആത്മഹത്യാകുറിപ്പ് പൊലീസിന് കൈമാറിയെന്നാണ് ഇയാൾ മൊഴി നൽകിയത്. ഈ സാഹചര്യത്തിൽ, പിള്ള കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ജൂൺ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃഗൃഹത്തിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായ വിസ്മയയുടെ ഭർത്താവ് കിരൺകുമാർ ഇപ്പോഴും ജയിലിലാണ്.
500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്.കേസിൽ 102 സാക്ഷികളുണ്ട്. 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറൽ എസ് പി കെ ബി രവി നേരത്തെ പറഞ്ഞിരുന്നു.
വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ആത്മഹത്യ പ്രേരണയടക്കം 9 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.