തിരുവനന്തപുരം: പേർസണൽ സ്റ്റാഫ് നിയമനത്തിൽ ഗവർണർക്കുള്ള മറുപടിയുമായി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. ഗവർണർ ആവശ്യപ്പെട്ടെന്നു കരുതി മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ പെൻഷൻ നിർത്തലാക്കാനാകില്ലെന്ന് കോടിയേരി പറഞ്ഞു.
രണ്ടുവർഷം കൂടുമ്പോൾ ജീവനക്കാരെ മാറ്റി പെൻഷൻ നൽകുന്നുവെന്ന് ഗവർണർക്കു കിട്ടിയ തെറ്റായ വിവരമാണ് എന്നും കോടിയേരി പറഞ്ഞു. അഞ്ചുവർഷത്തേക്ക്, അതായത് ഒരുമന്ത്രിയുടെ കാലത്തേക്കാണ് നിയമനം. പെൻഷൻ നൽകുകയെന്നത് എൽ.ഡി.എഫും യു.ഡി.എഫും അംഗീകരിച്ച കാര്യമാണെന്നും കോടിയേരി പറഞ്ഞു.
പെൻഷൻകാര്യം തീരുമാനിക്കേണ്ടത് ഗവർണറല്ല, സർക്കാരാണ്. ശരിയല്ലാത്തത് ഗവർണർ പറഞ്ഞാലും ശരിയല്ലെന്ന് പറയും. ഒരു മാസം കഴിയുമ്പോൾ നടപടി കാണാമെന്ന് ഗവർണർ പറഞ്ഞെന്നു ചൂണ്ടിക്കാട്ടിയപ്പോൾ, ഒരുമാസംവരെ നമുക്കും നോക്കാമല്ലോ എന്നു കോടിയേരി മറുപടി നൽകി.
ഭരണഘടനാപരമായാണ് ഗവർണർ പെരുമാറേണ്ടതാണ്. വ്യത്യസ്തമായി പറഞ്ഞാൽ സർക്കാർ അംഗീകരിക്കില്ല. ഗവർണറെ ഉപയോഗിച്ച് പലരും പലതും ചെയ്യും. തെറ്റായി ഇടപെട്ടാൽ ശക്തമായി പ്രതികരിക്കാൻ സർക്കാരിന് അറിയാമെന്ന് കോടിയേരി വ്യക്തമാക്കി.
പേഴ്‌സണൽ സ്റ്റാഫിന്റെ പെൻഷൻ സംബന്ധിച്ച് ചില വിശദാംശങ്ങൾ ഗവർണർ ചോദിച്ചിട്ടുണ്ട്. വസ്തുതകൾ മനസ്സിലാക്കാൻ ചോദിച്ചതാണെങ്കിൽ തെറ്റില്ലെന്നും 1984-ൽ യു.ഡി.എഫ്. കാലം മുതൽ പെൻഷൻ നൽകുന്നുണ്ടൈന്നും കാര്യങ്ങൾ ബോധ്യപ്പെടുമ്പോൾ ഗവർണർ തിരുത്താറുണ്ടെന്നും കോടിയേരി പറഞ്ഞു.
ഗവർണറുടെ സ്റ്റാഫിൽ ആരെ നിയമിക്കണമെന്നത് ഗവർണറുടെ അവകാശമാണ് എന്നും കോടിയേരി പറഞ്ഞു. അത് പോലെ മന്ത്രിമാരുടെ കാര്യത്തിൽ മന്ത്രിമാരും തീരുമാനിക്കുമെന്ന് കോടിയേരി വ്യക്തമാക്കി.
അതേസമയം സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടുമെന്ന അഭ്യൂഹങ്ങൾക്കും കോടിയേരി വിരാമമിട്ടു. പെൻഷൻ പ്രായം കൂട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
പെൻഷൻപ്രായം ഉയർത്തണമെന്ന് ശമ്പള ക്കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. ജീവനക്കാരുടെ സംഘടനകളും ഇതിനോട് അനുകൂലമായിരുന്നു. എന്നാൽ, യുവജന സംഘടനകൾ എതിർത്തു.
ഇപ്പോൾത്തന്നെ പി.എസ്.സി. റാങ്ക് പട്ടികയിലുള്ളവരുടെ എണ്ണം വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ പെൻഷൻപ്രായം കൂട്ടാനാകില്ല. മുമ്പ് ഇതേ ആവശ്യം ഉണ്ടായപ്പോഴും പാർട്ടി അംഗീകരിച്ചില്ലെന്നു കോടിയേരി പറഞ്ഞു.