ഉമ്മന്‍ ചാണ്ടിയുടെ ശബ്ദം ഏറ്റവും മനോഹരമായി അനുകരിക്കുന്ന കലാകാരന്‍മാരില്‍ ഒരാളാണ് കോട്ടയം നസീര്‍. ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ അതീവ ദുഖമുണ്ടെന്നും ഇനി ഒരിക്കലും അദ്ദേഹത്തിന്റെ ശബ്ദം അനുകരിക്കില്ലെന്നും കോട്ടയം നസീര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
കോട്ടയം നസീറിന്റെ വാക്കുകള്‍
”അദ്ദേഹവുമായി വലിയ സൗഹൃദമുണ്ടായിരുന്നു. ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവെന്നതിലുപരി സഹോദര തുല്യമായ ബന്ധം എപ്പോഴും എന്നോട് കാണിക്കാറുണ്ടായിരുന്നു. അദ്ദേഹത്തെ അനുകരിക്കുന്നവരില്‍ ഏറ്റവും നന്നായി ചെയുന്നത് ഞാന്‍ ആണ് എന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. വിമര്‍ശനങ്ങളും നര്‍മങ്ങളുമൊക്കെ നന്നായി ആസ്വദിക്കുന്ന ആളായിരുന്നു അദ്ദേഹം. എന്റെ പിതാവ് മരിച്ച സമയത്ത് എന്റെ വീട്ടില്‍ വരികയും എന്നെ സമാധാനിപ്പിക്കുകയും ചെയ്തിരുന്നു. ഒന്നോ രണ്ടോ പ്രാവശ്യം അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. ഒരു ഓണത്തിന് അദ്ദേഹത്തോടൊപ്പം സദ്യ ഉണ്ണാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. 2018 ല്‍ ദര്‍ബാര്‍ ഹാളില്‍ വച്ച് നടന്ന എന്റെ പെയിന്റിങ് എക്‌സിബിഷന്‍ കാണാനായി അദ്ദേഹം വന്നിരുന്നു. ഡ്രീംസ് ഓഫ് കളേഴ്‌സ് എന്നാണ് ഞാന്‍ അതിനു പേരിട്ടിരുന്നത്.
പെയിന്റിങ് എല്ലാം കണ്ടിട്ട് ഞാന്‍ അദ്ദേഹത്തെ മുഖം വരച്ച കാന്‍വാസ് അദ്ദേഹത്തിന് ഞാന്‍ സമ്മാനിച്ചു. അത് വാങ്ങിയിട്ട് അദ്ദേഹം പറഞ്ഞു ”ഡ്രീംസ് ഓഫ് കളേഴ്‌സ്’ എന്നല്ല ‘വണ്ടേഴ്‌സ് ഓഫ് കളേഴ്‌സ്’ എന്നാണ് ഈ എക്‌സിബിഷന് ഞാന്‍ ഇടുന്ന പേര്”. എന്റെ വലിയൊരു ഓര്‍മ അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് എന്റെ നാട്ടില്‍ കറുകച്ചാലില്‍ വച്ച് അവിടെയുള്ള മുതിര്‍ന്ന കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങുണ്ടായിരുന്നു. അന്ന് ഞങ്ങളുടെ എംഎല്‍എ ജയരാജ് സാറാണ്. ആ ചടങ്ങില്‍ ഞാനും വിശിഷ്ടാതിഥിയായി പങ്കെടുത്തിരുന്നു. ഉമ്മന്‍ ചാണ്ടി സാര്‍ വരാന്‍ വൈകിയപ്പോള്‍ ജയരാജ് സാറ് എന്നോട് ചോദിച്ചു എന്തെങ്കിലും ഒരു മിമിക്രി കാണിക്കാമോ എന്ന്. അന്ന് ഉമ്മന്‍ചാണ്ടി സാറിന്റെ പത്രസമ്മേളനത്തിലെ ശൈലി ഒക്കെ ഞാന്‍ അനുകരിക്കുന്ന സമയമാണ്.
ഞാന്‍ അത് വേദിയില്‍ അവതരിപ്പിച്ച് ആളുകള്‍ വലിയ കയ്യടിയും ചിരിയുമായി നില്‍ക്കുന്ന സമയത്താണ് സാറ് കയറിവരുന്നത്. അദ്ദേഹത്തെ കണ്ടതും മിമിക്രി ഞാന്‍ പെട്ടെന്ന് അത് നിര്‍ത്തി. എന്നെയും അദ്ദേഹത്തെയും മാറിമാറി നോക്കിയിട്ട് ആളുകള്‍ ഭയങ്കര ചിരിയായിരുന്നു. അദ്ദേഹത്തിന് കാര്യം മനസിലായി, അദ്ദേഹം സ്റ്റേജില്‍ വന്ന് എന്റെ തോളില്‍ തട്ടിയിട്ട പറഞ്ഞു ‘ഞാന്‍ വരാന്‍ വൈകിയപ്പോള്‍ എന്റെ ഗ്യാപ്പ് നികത്തിയല്ലേ’. അദ്ദേഹത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരുപാട് നല്ല ഓര്‍മകളാണ് ഉള്ളത്. നമ്മള്‍ മിമിക്രി ചെയ്യുമ്പോള്‍ ആ സമയത്തുള്ള വിഷയങ്ങള്‍ ആയിരിക്കും വിമര്‍ശിക്കുന്നത്. അതെല്ലാം പോസിറ്റീവ് ആയിട്ടാണ് അദ്ദേഹം എടുത്തിട്ടുള്ളത്. മനോരമയിലെ കഥ ഇതുവരെ എന്ന പരിപാടിയില്‍ ഞാന്‍ അതിഥിയായി വന്നപ്പോള്‍ മമ്മൂക്ക അടക്കമുള്ള ഒരുപാടുപേര്‍ എന്നെപ്പറ്റി വിഡിയോ ബൈറ്റ് പറഞ്ഞപ്പോള്‍ അന്ന് മുഖ്യമന്ത്രി ആയ ഉമ്മന്‍ ചാണ്ടി സാര്‍ പറഞ്ഞത്, ”എന്നെ ഏറ്റവും നന്നായി അനുകരിക്കുന്ന ആളാണ് കോട്ടയം നസീര്‍. അദ്ദേഹത്തിന്റെ അനുകരണം ഞാന്‍ ഭയങ്കരമായി ഇഷ്ടപ്പെടുന്നുണ്ട് അദ്ദേഹത്തിന്റെ നര്‍മ്മവും വിമര്‍ശനങ്ങളുമൊക്കെ ഞാന്‍ ഉള്‍ക്കൊള്ളുന്നുണ്ട്. എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്” എന്നാണ്.’കോട്ടയം നസീര്‍ പറയുന്നു. അനുജനെപ്പോലെ തന്നെ സ്നേഹിച്ച വലിയ മനുഷ്യനെ ഇനി പൊതുവേദിയില്‍ അവതിരിപ്പിച്ച് കൈയടി നേടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അത് തെറ്റാണെന്ന് വിശ്വസിക്കുന്നുവെന്നും നസീര്‍ പറഞ്ഞു.