തട്ടമിടാത്തതു പുരോഗമനത്തിന്റെ അടയാളമല്ല; ഒരു വ്യക്തിയുടെ അബദ്ധം ഒരു പാര്‍ട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് തികഞ്ഞ വിവരക്കേട്; കെ.ടി.ജലീല്‍

Must Read

മലപ്പുറം: തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതു കൊണ്ടാണെന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനില്‍കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ മുന്‍ മന്ത്രി കെ.ടി.ജലീല്‍ എംഎല്‍എ. തട്ടമിടാത്തതു പുരോഗമനത്തിന്റെ അടയാളമേ അല്ലെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്നും ജലീല്‍ സമൂഹമാധ്യമത്തില്‍ അഭിപ്രായപ്പെട്ടു. വ്യക്തിപരമായ അഭിപ്രായം പാര്‍ട്ടിയുടേതാക്കി അവതരിപ്പിക്കുന്നതു തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തുമെന്നും ജലീല്‍ വിമര്‍ശിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ.ടി.ജലീലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

വ്യക്തിപരമായ അഭിപ്രായം പാര്‍ട്ടിയുടേതാക്കി അവതരിപ്പിക്കുന്നതു തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തും. തട്ടമിടാത്തതു പുരോഗമനത്തിന്റെ അടയാളമേ അല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല. പര്‍ദ്ദയിട്ട മുസ്ലിം സഹോദരിയെ വര്‍ഷങ്ങളായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കൗണ്‍സിലറാക്കിയ പാര്‍ട്ടിയാണ് സിപിഎം. സ്വതന്ത്രചിന്ത എന്നാല്‍ തട്ടമിടാതിരിക്കലാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചതിനെ പഴിചാരി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കാന്‍ ആരും ശ്രമിക്കേണ്ട.

ഒരു വ്യക്തിയുടെ അബദ്ധം ഒരു പാര്‍ട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് തികഞ്ഞ വിവരക്കേടാണ്. കാളപെറ്റു എന്ന് കേള്‍ക്കുമ്പോഴേക്ക് കയറെടുക്കുന്ന പ്രവണത ശരിയല്ല. ലീഗ് നേതാവ് അബ്ദുറഹിമാന്‍ കല്ലായി മന്ത്രി റിയാസിനെ കുറിച്ച് ആക്രോശിച്ച ജല്‍പ്പനങ്ങള്‍ മുസ്ലിം ലീഗിന്റെ നിലപാടല്ലാത്തത് പോലെ, മന്ത്രി വീണാ ജോര്‍ജിനെതിരെ കെ.എം.ഷാജി ഉപയോഗിച്ച സംസ്‌കാരശൂന്യ വാക്കുകള്‍ ലീഗിന്റെ നയമല്ലാത്തത് പോലെ, അഡ്വ. അനില്‍കുമാറിന്റെ അഭിപ്രായം സിപിഎമ്മിന്റേതുമല്ലെന്നു തിരിച്ചറിയാന്‍ വിവേകമുള്ളവര്‍ക്കാവണം.

കേരളത്തിലെ 26% വരുന്ന മുസ്ലിം സമൂഹത്തെ കുറിച്ച് അത്യാവശ്യത്തിന് പോലുമുള്ള അറിവ് വലിയൊരു ശതമാനം പൊതുപ്രവര്‍ത്തകര്‍ക്കും സാഹിത്യ-കലാ -സാംസ്‌കാരിക നായകര്‍ക്കും പത്രമാധ്യമ പ്രവര്‍ത്തകര്‍ക്കും മത-സാമുദായിക നേതാക്കള്‍ക്കുമില്ലെന്നത് വസ്തുതയാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള പിശകുകള്‍ പലപ്പോഴും സംഭവിക്കുന്നത്. അവര്‍ ഏത് രാഷ്ട്രീയ ചേരിയില്‍ പെട്ടവരാണെങ്കിലും ശരി.

ഒരു ജനവിഭാഗത്തിന്റെ വൈകാരിക പ്രശ്‌നങ്ങളിലും ശരിയായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലല്ലാതെ രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരും പ്രതികരിക്കരുത്. സ്വന്തം അഭിപ്രായങ്ങള്‍ പറയുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ തന്റെ നിരീക്ഷണങ്ങള്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടേതാണെന്ന് വ്യംഗ്യമായിപ്പോലും സൂചിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. അല്ലെങ്കില്‍ വര്‍ഗ്ഗീയ മനോഭാവമുള്ളവരും രാഷ്ടീയ വൈരികളും വ്യാപകമായി ദുരുപയോഗം ചെയ്യും.

എന്റെ സുഹൃത്തും സിപിഎം ആലപ്പുഴ ജില്ലാകമ്മിറ്റി അംഗവുമായ എ.എം.ആരിഫ് എംപിയുടെ വന്ദ്യമാതാവ് ഒരാഴ്ച മുമ്പാണ് മരണപ്പെട്ടത്. ഞാന്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. തന്റെ ഉമ്മയുടെ മയ്യത്ത് നമസ്‌കാരത്തിനു നേതൃത്വം നല്‍കിയത് ആരിഫാണ്. മതാചാരപ്രകാരം ജീവിക്കുന്ന ലക്ഷക്കണക്കിന് സഖാക്കള്‍ ഉള്ള നാടാണ് കേരളം. ബഹുജന പാര്‍ട്ടിയാണ് സിപിഎം. അത് മറന്ന് ചില തല്‍പരകക്ഷികള്‍ അഡ്വ. അനില്‍കുമാറിന്റെ വ്യക്തിപരമായ നിരീക്ഷണം സിപിഎമ്മിന്റേതാണെന്നു വരുത്തിത്തീര്‍ത്ത് വിശ്വാസികളായ മുസ്ലിം വിഭാഗത്തിനിടയില്‍ പ്രചരിപ്പിക്കുന്നത് മാന്യതയ്ക്കു ചേര്‍ന്നതല്ല.

ഞങ്ങളുടെ മകള്‍ സുമയ്യ ബീഗം എംബിബിഎസ് പൂര്‍ത്തിയാക്കി ഡോക്ടറായി. ആന്‍ഡമാനിലെ പോര്‍ട്ട്ബ്ലയറിലെ കേന്ദ്രസര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് അവള്‍ പഠിച്ചത്. നല്ല മാര്‍ക്കോടെ വിജയിച്ചു. ഞാനും ഭാര്യയും സുമയ്യയെ കൂട്ടാനും, 2017 ബാച്ചിന്റെ ‘ഫെയര്‍വെല്‍ സെറിമണി’യില്‍ പങ്കെടുക്കാനുമാണ് പോര്‍ട്ട്ബ്ലയറില്‍ എത്തിയത്. ചടങ്ങില്‍ സ്വാഗതം പറഞ്ഞത് സുമയ്യയാണ്. തട്ടമിട്ട അവള്‍ പുരോഗമന ചിന്തയില്‍ ഒട്ടും പിന്നിലല്ല. വിദ്യാഭ്യാസമുള്ള തട്ടമിട്ട തലമുറയാണ് മലപ്പുറത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്ത്.

Latest News

രാഹുൽ​ ​ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി; അമേഠിയിൽ മത്സരിക്കുക ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തൻ കിശോരി ലാൽ ശർമ

ഡൽഹി: അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കോൺ​ഗ്രസ്. അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകും. പ്രിയങ്ക...

More Articles Like This