മലമ്പുഴ: ചെരാട് കുമ്പാച്ചി മലയിലേക്കും പ്രദേശത്തെ വനത്തിലേക്കും കയറുന്നതിന് വിലക്ക്. തദ്ദേശവാസികള്‍ക്കുൾപ്പെടെ വിലക്കേര്‍പ്പെടുത്തിയാതായി പാലക്കാട് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.
കുമ്പാച്ചി മലയിലേക്ക് ആളുകള്‍ കയറുന്നത് നിയന്ത്രിക്കാനും സുരക്ഷ സംവിധാനം ഒരുക്കുന്നതിനുമായി ചേര്‍ന്ന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്. അതിക്രമിച്ച് കയറുന്നവര്‍ക്കെതിരെ ഇനി കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ വനംവകുപ്പ്, പൊലീസ് എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അതിക്രമിച്ച് കയറുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും. 25,000 രൂപ വരെ പിഴയും ഈടാക്കും. മലയുടെ അപകടത്തെ സംബന്ധിച്ച് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാനും ജനങ്ങളെ ബോധവത്കരിക്കാനും പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വനംവകുപ്പും പൊലീസും സമീപത്ത് പട്രോളിംഗ് നടത്തണം. ഇവരെ സഹായിക്കാന്‍ സിവിന്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ അഗ്നിരക്ഷാ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കി.
45 മണിക്കൂറോളം മലമ്പുഴ കുറുമ്പാച്ചി മലയിടുക്കില്‍ ബാബു എന്ന യുവാവ് കുടുങ്ങിയതോടെയാണ് കുമ്പാച്ചിമല മാധ്യമ ശ്രദ്ധ നേടുന്നത്. ബാബു രക്ഷപ്പെട്ടതിന് പിന്നാലെ മറ്റൊരാളും കുമ്പാച്ചി മല കയറിയിരുന്നു. ഇതിന് പിന്നാലെ ബാബുവിനെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു.
അതേസമയം, ഇനിയും മലകയറുമെന്നും ട്രാക്കിങില്‍ തുടര്‍ന്നും താല്‍പര്യമുണ്ടെന്നും 45 മണിക്കൂറോളം മലമ്പുഴ കുറുമ്പാച്ചി മലയിടുക്കില്‍ കുടുങ്ങി രക്ഷപ്പെട്ട ആര്‍.ബാബു പറഞ്ഞിരുന്നു.
കുറുമ്പാച്ചി മല ഇതിന് മുന്‍പ് രണ്ട് തവണ പകുതി വരെ കയറിയിട്ടുണ്ട്. ഇത്തവണ കയറിയത് മൂന്നാം തവണയാണ്. ആ കയറ്റം വിജയകരമായിരുന്നു. പക്ഷെ വീണുപോയി എന്ന് ബാബു പറഞ്ഞു.
ഫെബ്രുവരി ഏഴിന് മൂന്ന് കൂട്ടുക്കാരുമൊത്താണ് മല കയറാന്‍ പോയത്. മലകയറി പകുതി എത്തിയപ്പോള്‍ കൂട്ടുകാര്‍ മലകയറ്റത്തില്‍ നിന്നും പിന്‍മാറുകയും ബാബു ഒറ്റക്ക് കയറ്റം തുടരുകയുമായിരുന്നു. തുടര്‍ന്ന് മലമുകളില്‍ എത്തിയപ്പോള്‍ കാല്‍ വഴുതി വീഴുകയായിരുന്നു. പിന്നീട് സൈന്യം എത്തിയാണ് ബാബുവിനെ രക്ഷിച്ചത്.