ബാറ്റ്സ്‌മാന്‍മാരുടെ പേടി സ്വപ്നമായിരുന്ന, നൂറ്റാണ്ടിന്റെ പന്തിന്റെ ഉടമയായ ഓസ്ട്രേലിയന്‍ ഇതിഹാസതാരം ഷേന്‍ വാണ്‍ തന്റെ 52ാം വയസില്‍ അപ്രതീക്ഷിതമായി വിടവാങ്ങിയതിന്റെ അമ്പരപ്പിലാണ് ആരാധകര്‍.ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഷേനിന്റെ നിഗൂഢമായ ബോളിംഗ് പോലെ തന്നെയായിരുന്നു അദ്ദേഹവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും.
മരണത്തിന് നാല് ദിവസങ്ങള്‍ക്ക് മുന്‍പായി തന്റെ പഴയകാല ചിത്രം പങ്കുവച്ച് തനിക്ക് തിരികെ അതുപോലെയാകണമെന്ന് ഷേന്‍ വാണ്‍ ഇന്‍സ്റ്റാഗ്രാമില്‍ പറഞ്ഞിരുന്നു. ജൂലൈയോടെ പഴയപടിയാകണമെന്നും അതിനായി ഓപ്പറേഷന്‍ ഷെഡ് ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ തന്റെ ലക്ഷ്യം നിറവേറ്റാനാകാതെയാണ് അദ്ദേഹം മടങ്ങിയത്.
ശരീരഭാരത്തിന്റെ പേരില്‍ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന താരമാണ് ഷേന്‍. 2020ല്‍ 14 കിലോ ഭാരം കുറച്ച് ആരാധകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു. ഇതിനുമുന്‍പും ഭാരം കുറച്ച് താരം മാദ്ധ്യമശ്രദ്ധ നേടിയിരുന്നു. ഹോളിവുഡ് സൂപ്പര്‍നായികയായ ലിസ് ഹര്‍ളിയുമായി പ്രണയത്തിലായിരിക്കെ പത്ത് കിലോയാണ് ഷേന്‍ കുറച്ചത്. വിവാഹവും പ്രണയവും വിവാദങ്ങള്‍ സൃഷ്ടിച്ച ജീവിതമായിരുന്നു ഷേനിന്റേത്. സിമോണി കാലഹാനുമായുള്ള പത്ത് വര്‍ഷത്തെ ദാമ്ബത്യബന്ധം 2005ല്‍ അവസാനിപ്പിച്ചാണ് ലിസ് ഹര്‍ളിയുമായി പ്രണയത്തിലാവുന്നത്.
തന്റെ കരിയറിലുടനീളം കാത്തുസൂക്ഷിച്ചിരുന്ന നാടകീയത ഷേനിന്റെ ജീവിതത്തിലും പ്രകടമായിരുന്നു. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ താരമായ ഷേന്‍ വിശേഷിപ്പിക്കപ്പെടുന്നതുതന്നെ ക്രിക്കറ്റിലെ സ്പിന്‍ ഇതിഹാസം എന്നാണ്. എന്നാല്‍ തനിക്ക് ഈ അത്ഭുത സിദ്ധി എങ്ങനെ ലഭിച്ചുവെന്ന് അറിയില്ലെന്നാണ് താരം പ്രതികരിച്ചത്. തന്നെ ക്രിക്കറ്റ് കണ്ടെത്തുകയായിരുന്നെന്നും താന്‍ സ്പിന്നറായി ജനിക്കുകയായിരുന്നെന്നുമാണ് ഷേന്‍ പ്രതികരിച്ചത്. താരത്തിന്റെ മറ്റൊരു നിഗൂഢത കണ്ണുകളിലാണ്. കളിക്കിടയില്‍ എതിര്‍ കളിക്കാരെ നോട്ടത്തിലൂടെ കുഴപ്പിക്കുന്ന താരത്തിന്റെ കണ്ണുകള്‍ക്കുമുണ്ടായിരുന്നു വലിയൊരു പ്രത്യേകത. ഒരു കണ്ണിന് പച്ച നിറവും മറ്റേതിന് നീല നിറവുമായിരുന്നു.