തിരുവനന്തപുരം : ജലീലിനെ പരോക്ഷമായി വിമര്‍ശിച്ച് ലോകായുക്ത. തങ്ങള്‍ തങ്ങളുടെ ജോലി ചെയ്യുകയാണെന്നും മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതിന് മറുപടിയില്ലെന്നും ലോകായുക്ത പറഞ്ഞു.
മുന്‍മന്ത്രി കെ ടി ജലീലിന്റെ പേര് എടുത്ത് പറയാതെയാണ് ലോകായുക്തയുടെ വിമര്‍ശനം. അതേസമയം നിയമഭേദഗതിയില്‍ സെക്ഷന്‍ 14 പ്രകാരം അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ ഇപ്പോഴും അധികാരം ഉണ്ടെന്നും ലോകായുക്ത വ്യക്തമാക്കി.
ലോകായുക്തയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ ടി ജലീല്‍ നേരത്തെ രംഗത്തെത്തിയിരുന്നു.സംസ്ഥാന ലോകായുക്തയും മുന്‍ സുപ്രീംകോടതി ജഡ്ജിയുമായ ജസ്റ്റിസ് സിറിയക് ജോസഫ് തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകൈയും ആര്‍ക്ക് വേണ്ടിയും ചെയ്യുമെന്നും ജലീല്‍ ആരോപിച്ചിരുന്നു.
ലോകായുക്ത ഓര്‍ഡിനന്‍സില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ പ്രതികരിച്ചിരുന്നു. മന്ത്രിസഭയുടെ നിര്‍ദേശം അംഗീകരിക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാബാദ്ധ്യതയുണ്ട്.
ഓര്‍ഡിനന്‍സ് അംഗീകരിച്ചതുവഴി നിറവേറ്റിയത് ഭരണഘടനാ ചുമതലയാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഈ മാസം ഏഴാം തീയതിയാണ് ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടത്.