നിലമ്പൂര്‍: പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ കക്കാടംപൊയിലെ ഭൂമിയിലെ റോപ് വെ ഉള്‍പ്പടേയുള്ള നിര്‍മ്മാണങ്ങള്‍ പൊളിക്കുന്നു. 2015-16 കാലയളവിലായിരുന്നു കക്കാടംപൊയിലില്‍ പിവി അന്‍വര്‍ തടയണകള്‍ നിര്‍മ്മിച്ചത്.
ഇതിന് കുറുകെയാണ് വിനോദപ്രവര്‍ത്തികള്‍ക്കായി റോപ് വെ നിര്‍മ്മിച്ചത്. എന്നാല്‍ ഇതിന് പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും അനുമതിയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊളിച്ച് നീക്കല്‍ നടപടി. ഊര്‍ങ്ങാട്ടേരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് റോപ് വെ പൊളിച്ചു മാറ്റുന്നത്.
നിയമവിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ചുനീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി ജനുവരി 25ന് റിപ്പോര്‍ട്ട് ചെയ്യണമെന്നും പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്‌സ്മാന്‍ ഉത്തരവ് നല്‍കിയിരുന്നു.
എന്നാല്‍ ആ കാലാവധിക്കുള്ളിലും നിര്‍മ്മാണങ്ങള്‍ പൊളിച്ച് നീക്കിയില്ല. ഓംബുഡ്സ്മാന്‍ ഉത്തരവ് ലഭിക്കാന്‍ കാലതാമസമുണ്ടായെന്നും പിവി അന്‍വറിന്റെ ഭാര്യാ പിതാവ് സി കെ അബ്ദുള്‍ ലത്തീഫിന് അയച്ച ആദ്യ രണ്ടു നോട്ടീസും മേല്‍വിലാസക്കാരനില്ലെന്നു പറഞ്ഞ് മടങ്ങുകയായിരുന്നു.