സ്വകാര്യ സര്‍വകലാശാലകള്‍ സംബന്ധിച്ച് സിപിഎം നയംമാറ്റം പ്രഖ്യാപിച്ചതിനു പിന്നാലെ സംസ്ഥാനത്ത് സ്വകാര്യ- കല്‍പിത സര്‍വകലാശാലകള്‍ക്കായി നീക്കം സജീവമാക്കി മാനേജ്മെന്റുകള്‍. നിലവില്‍ പത്തിലധികം അപേക്ഷകളാണ് സര്‍ക്കാരിന് മുന്നിലുളളത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുളളവരുമായി ചര്‍ച്ച നടത്തിയെന്നും ഈ വിഷയത്തില്‍ അനുകൂല തീരുമാനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വിവിധ മാനേജ്മെന്റുകള്‍ പറഞ്ഞു.
സംസ്ഥാന സമ്മേളന വേദിയില്‍ സിപിഎം നേതൃത്വം നടത്തിയ പ്രഖ്യാപനം വിദ്യാഭ്യാസ രംഗത്ത് മുതല്‍ മുടക്കുന്നവര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. മാര്‍ ഇവാനിയോസ്, ജെഡിറ്റി, രാജഗിരി തുടങ്ങിയ സ്ഥാപനങ്ങളാണ് കല്‍പിത, സ്വകാര്യ സര്‍വകലാശാലകള്‍ക്കായി അപേക്ഷ നല്‍കിയിട്ടുളളത്. യുജിസി മാനദണ്ഡമനുസരിച്ച് കല്‍പിത സര്‍വകലാശാല പദവിക്ക് അര്‍ഹതയുളള സ്ഥാപനങ്ങള്‍ നേരത്തെ തന്നെ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. സ്വന്തമായി സിലിബസ് തീരുമാനിക്കാനും പരീക്ഷ നടത്താനും സര്‍ട്ടിഫിക്കറ്റ് നല്‍കാനുമുളള സ്വാതന്ത്ര്യമാണ് കല്‍പിത സര്‍വകലാശാലകളുടെയും സ്വകാര്യ സര്‍വകലാശാലകളുടെയും പ്രത്യേകത.യുജിസി മാനദണ്ഡമനുസരിച്ച് നിശ്ചിത യോഗ്യതയുളള കോളജുകള്‍ക്കാണ് കല്‍പിത സര്‍വകലാശാല പദവി നല്‍കാറുളളത്.
അതേസമയം, സംസ്ഥാനങ്ങള്‍ പാസാക്കുന്ന നിയമമനുസരിച്ചാണ് സ്വകാര്യ സര്‍വകലാശാകള്‍ നിലവില്‍ വരുന്നത്. രണ്ടിടത്തും ഫീസ് അടക്കമുളള കാര്യത്തില്‍ പരിപൂര്‍ണ സ്വാതന്ത്ര്യം മാനേജ്മെന്റുകള്‍ക്കാണെന്നതിനാല്‍ സാമൂഹ്യ നീതി എത്രത്തോളം ഉറപ്പാക്കാനാകുമെന്നതാണ് പ്രശ്നം. നിയമനിര്‍മാണം ഉള്‍പ്പെടെ ആവശ്യമായതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷമാകും ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുക. ഫീസ് മുതല്‍ കോഴ്‌സിന്റെ ഘടന വരെ തീരുമാനിക്കാനുളള സ്വാതന്ത്ര്യം മാനേജ്മെന്റ്കള്‍ക്ക് നല്‍കുന്നുവെന്ന പേരില്‍ കേന്ദ്ര വിദ്യാഭ്യാസ നയത്തിനെതിരെ എസ്‌എഫ്‌ഐ അടക്കമുളള സംഘടനകള്‍ പ്രതിഷേധം തുടരുന്പോഴാണ് സമാനമായ നയം മാറ്റത്തിന് കേരളവും തയ്യാറെടുക്കുന്നത്. സ്വകാര്യ നിക്ഷേപം അംഗീകരിക്കുന്പോള്‍ തന്നെ സാമൂഹ്യ നീതി ഉറപ്പാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം.