വാഷിംഗ്ടണ്‍ ഡിസി: നാസയുടെ പാമ്പിന് ശനിയുടെ അടുത്തേക്കെത്താന്‍ ഏഴു മുതല്‍ പന്ത്രണ്ടു വര്‍ഷം.മനുഷ്യരാശിക്കു വലിയ മുന്നേറ്റമുണ്ടാക്കാൻ ശനിയുടെ ഉപഗ്രഹം.ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ എന്‍സെലാഡസിൽ പര്യവേക്ഷണത്തിനായി യുഎസിന്റെ നാഷണല്‍ എയ്റോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന് (നാസ) ഒരു “പാമ്പിനെ’ നിര്‍മിച്ചു!നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയാണ് എക്സോബയോളജി എക്സ്റ്റന്റ് ലൈഫ് സര്‍വേയര്‍ (ഇഇഎല്‍എസ്) എന്നു പേരിട്ടിരിക്കുന്ന പാമ്പിന്റെ രൂപത്തിലുള്ള റോബോട്ടിനെ നിർമിച്ചത്.
പ്രതലങ്ങളില്‍ പാമ്പ് ഇഴയുന്നതുപോലെതന്നെയാണ് ഈ റോബോട്ടിന്റെയും സഞ്ചാരം. പാമ്പുകള്‍ തലയുയര്‍ത്തി പരിസരം നിരീക്ഷിക്കുന്നതുപോലെ ഇതും തലയുയര്‍ത്തി ചുറ്റുപാടുകള്‍ നിരീക്ഷിക്കും.ജീവനെ തേടി എന്‍സെലാഡസില്‍ വിന്യസിക്കാന്‍ ലക്ഷ്യമിടുന്ന റോബോട്ടിനു ഭൂമിക്കും ചന്ദ്രനുമപ്പുറത്തേക്കുമുള്ള വിവിധ പ്രതലങ്ങളില്‍ സ്വയം സഞ്ചരിക്കാന്‍ കഴിയും.ജീവന്റെ തുടിപ്പുകളുടെ അന്വേഷണവുമായി എന്‍സെലാഡസിലെത്തുന്ന റോബോട്ടിന്റെ ദൗത്യം വിജയകരമായിത്തീര്‍ന്നാല്‍ അതു മനുഷ്യരാശിക്കു വലിയ മുന്നേറ്റമായിരിക്കുമെന്നാണു വിലയിരുത്തൽ.
റോബോട്ടിന് അഞ്ചു മീറ്റര്‍ നീളവും 100 കിലോഗ്രാം ഭാരവുമുണ്ട്. മുന്‍ഭാഗത്തു ഘടിപ്പിച്ചിരിക്കുന്ന കാമറയ്ക്കു ദൃശ്യങ്ങള്‍ പകര്‍ത്തി ഭൂമിയിലേക്ക് അയയ്ക്കാന്‍ കഴിയും.മര്‍ദം, വൈദ്യുതചാലകത, മണ്ണിന്റെ താപനില തുടങ്ങിയവ രേഖപ്പെടുത്താനും കഴിയും. 2024 അവസാനത്തോടെ റോബോട്ട് പ്രവര്‍ത്തനക്ഷമമാകും. ശനിയുടെ അടുത്തേക്കെത്താന്‍ ഏഴു മുതല്‍ പന്ത്രണ്ടു വര്‍ഷം വരെയെടുക്കുമെന്നാണു നിഗമനം.