ദില്ലി : ഒടുവില്‍ പ്രവാസികളെ പരിഗണിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിലെത്തുന്ന രാജ്യാന്തര
യാത്രക്കാര്‍ക്കായുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഇനി മുതല്‍ വിദേശത്ത് നിന്ന് എത്തുന്നവര്‍ ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനില്‍ പോകേണ്ടതില്ല. പകരം 14 ദിവസത്തേക്ക് സ്വയം നിരീക്ഷണം
നടത്തിയാല്‍ മതിയാകും.
നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളും അന്താരാഷ്ട്ര യാത്രക്കാരും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം കോവിഡ് പരിശോധന നടത്തിയാല്‍ മതിയെന്ന ഉത്തരവ് നേരത്തെ കേരള സര്‍ക്കാറും പുറപ്പെടുവിച്ചിരുന്നു. കേരളത്തിലെ വിമാനത്താവളങ്ങളില്‍ കോവിഡ് റാപ്പിഡ് പരിശോധനയ്ക്ക് ഈടാക്കിയിരുന്ന നിരക്കും കുറച്ചിട്ടുണ്ട്.
ഒമിക്രോണ്‍ കോവിഡ്-19 വേരിയന്റ് ഉയര്‍ന്നുവന്നപ്പോള്‍ തയ്യാറാക്കിയ ‘അപകടസാധ്യതയുള്ള’ രാജ്യങ്ങളുടെ പട്ടികയും പുതുതായി പരിഷ്‌കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൂടെ നീക്കം ചെയ്തിട്ടുണ്ട്. ഫെബ്രുവരി 14 മുതല്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഇനി മുതല്‍ 1200 രൂപയാണ് റാപ്പിഡ് പരിശോധനയ്ക്ക് ഈടാക്കുക. നേരത്തെ യുഎഇയിലേക്ക് പോവുന്ന യാത്രക്കാരില്‍നിന്നും ടെസ്റ്റിനായി ഈടാക്കിയിരുന്നത് 2490 രൂപയായിരുന്നു.