നടി ആക്രമിക്കപ്പെട്ട കേസിലും ഉദ്യോഗസ്ഥർക്കെതിരായ ഗൂഡാലോചന കേസിലും നല്ല രീതിയില്‍ തന്നെയാണ് അന്വേഷണം മുന്നോട്ട് പോവുന്നതെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാർ. തന്റെ മൊഴിയെടുക്കാനായി ചുരുങ്ങിയ ദിവസങ്ങളില്‍ മാത്രമേ ഞാന്‍ അവരെ നേരിട്ട് കണ്ടിട്ടുള്ളു എന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
അന്വേഷണം മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോവുന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് പല വിഷയങ്ങളും ഈ അന്വേഷണവുമായി എനിക്ക് കൂട്ടിച്ചേർക്കാനുണ്ട്. അത് കേസിനെ എങ്ങനെ ബാധിക്കും എന്ന് നോക്കിയാവും പുറത്ത് പറയുകയെന്നും അദ്ദേഹം പറയുന്നു.
പലതും പുറത്ത് നേരിട്ട് പറയാന്‍ പലർക്കും ഭയമാണ് എന്ന് ബാലചന്ദ്രകുമാർ പറയുന്നു. അതുകൊണ്ടാണ് എന്നോട് കാര്യങ്ങള്‍ പുറത്ത് പറയാന്‍ അവർ ആവശ്യപ്പെടുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
എന്നാല്‍ അവർ പറഞ്ഞു എന്നും പറഞ്ഞ് ഞാന്‍ അക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതുകൊണ്ട് കാര്യമില്ല. അതുകൊണ്ട് അവരോട് തന്നെ നേരിട്ട് വെളിപ്പെടുത്താനാണ് ഞാന്‍ ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഭയക്കേണ്ട കാര്യമില്ലെന്നൊക്കെ ഞാന്‍ അവരെ പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നു. അവർ കാര്യങ്ങള്‍ തുറന്ന് പറയുന്നതോടെ ഒരുപാട് കൂട്ടിച്ചേർക്കലുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതെന്നും ബാലചന്ദ്രകുമാർ അഭിപ്രായപ്പെടുന്നു.
നടിയെ ആക്രമിച്ച് ചിത്രീകരിച്ച വീഡിയോയുമായി ബന്ധപ്പെട്ട് നിലവില്‍ രണ്ട് പേർ എന്നോട് സംസാരിച്ച് കഴിഞ്ഞു. അവർ ഭയത്തോടെ നില്‍ക്കുകയാണ്. അത് മാറി അവർ വരും. നിലവില്‍ നേരിടുന്ന രണ്ട് കേസുകളിലും കൂടുതല്‍ സാക്ഷികള്‍ മുന്നോട്ട് വരും എന്നതാണ് എന്റെ പ്രതീക്ഷ എന്നും ബാലചന്ദ്രകുമാർ പറയുന്നു.
അവർ പറഞ്ഞ കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറയാതെ എനിക്ക് മാധ്യമങ്ങളില്‍ പറയാന്‍ കഴിയില്ല. പല ഭാഗത്ത് നിന്നും ഭീഷണിയുണ്ട്. അതൊക്കെ കൃത്യമായ സമയത്ത് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുന്നുണ്ട് എന്നും ബാലചന്ദ്രകുമാർ പറയുന്നു.
ഒട്ടനവധി നടന്‍മാർ, സംവിധായകർ, പഴയ നിർമ്മാതാക്കള്‍, വിതരണക്കാർ, തിയേറ്റർ ഉടമകള്‍ എന്നിവരുള്‍പ്പടെ നൂറിലധികം പേർ പിന്തുണ അറിയിച്ചുവെന്നും ബാലചന്ദ്രകുമാർ കൂട്ടിച്ചേർത്തു.