കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം പോലെ മതിയെന്നും കുടുംബം പറഞ്ഞു. ഭാര്യ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.
രോഗബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന ഉമ്മന്‍ചാണ്ടി ബംഗളൂരുവിലെ ചിന്മയ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 4.25 നാണ് അന്തരിച്ചത്. പ്രത്യേക വിമാനത്തില്‍ ബംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തെത്തിച്ച മൃതദേഹം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ ജീവിതത്തോട് ഏറെ അടുത്ത് നില്‍ക്കുന്ന തിരുവനന്തപുരത്തിന്റെ നഗരവീഥികളിലൂടെ വിലാപയാത്ര നീങ്ങിയപ്പോള്‍ വികാര നിര്‍ഭരമായ മുദ്രാവാക്യങ്ങളുമായി ആള്‍ക്കൂട്ടം അനുഗമിച്ചു. തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൗസില്‍ ഉമ്മന്‍ചാണ്ടിക്ക് എ കെ ആന്റണിയും വി.എം.സുധാരനും അടക്കമുള്ള നേതാക്കള്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്.