കോട്ടയം: ജലീലിനെ സ്വന്തം പാർട്ടിയിലേക്ക് വരാൻ ആവശ്യപ്പെട്ട് പിസി ജോര്‍ജ്. സിറിയക് ജോസഫിനെതിരെ കെടി ജലീല്‍ നടത്തുന്ന പരാമര്‍ശങ്ങളെ പിന്തുണച്ച് കൊണ്ടാണ് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ് രംഗത്തെത്തിയത്.
കെടി ജലീലിനെ പിസി ജോര്‍ജ് അദ്ദേഹത്തിന്റെ ജനപക്ഷം പാര്‍ട്ടിയിലേക്കാണ് ക്ഷണിച്ചത്. കെടി ജലീലിന് മന്ത്രിപദവി തെറിക്കാന്‍ കാരണമായ ലോകായുക്ത വിധി പ്രസ്താവിച്ച സിറിയക് ജോസഫിനെതിരെ കടുത്ത വിമർശനങ്ങളാണ് കെടി ജലീൽ നടത്തുന്നത്.
ഓരോ ദിവസവും തന്റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ ജസ്റ്റിസിനെതിരെ ജലീല്‍ വിമർശനം ഉന്നയിക്കുന്നു. അലസ ജീവിത പ്രേമി എന്നാണ് ഇന്ന് ജലീല്‍ പരിഹസിച്ചിരിക്കുന്നത്. ഡല്‍ഹി ഹൈക്കോടതിയില്‍ പ്രവര്‍ത്തിക്കവെ വിധി പ്രസ്താവിക്കാത്ത ജഡ്ജിയാണെന്നും വിമര്‍ശിച്ചു.
സാമൂഹിക പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കലിന്റെ പരാമര്‍ശങ്ങള്‍ സൂചിപ്പിച്ചും കെടി ജലീല്‍ സിറിയക് ജോസഫിനെതിരെ രംഗത്തുവന്നിരുന്നു. തനിക്കെതിരെ സിറിയക് ജോസഫ് വെളിച്ചത്തേക്കാള്‍ വേഗത്തില്‍ വിധി പറഞ്ഞു എന്നാണ് ജലീലിന്റെ വിമര്‍ശനം.അഭയ കേസുമായി ബന്ധപ്പെട്ടും ജലീല്‍ വിമര്‍ശനം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് പിസി ജോര്‍ജിന്റെ പ്രതികരണം.
സിറിയക് ജോസഫിനെ കുറിച്ച് കെടി ജലീല്‍ പറഞ്ഞത് നൂറ് ശതമാനം സത്യമാണെന്ന് പിസി ജോര്‍ജ് പറയുന്നു. ഇടതുപക്ഷ ബന്ധം വിച്ഛേദിച്ച് ജലീല്‍ കൂടെ വരണമെന്നും പിസി ജോര്‍ജ് പറഞ്ഞു. നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം എന്നും സിറിയക് ജോസഫിനെതിരെ ജലീല്‍ പറഞ്ഞതിന് പിന്തുണ നല്‍കുന്നു എന്നും പിസി ജോർജ് പറഞ്ഞു.