ആലപ്പുഴ : നീർക്കുന്നം മാധവമുക്ക് തീരത്ത് പോലീസും നാട്ടുകാരും തമ്മിൽ നടന്ന സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. നാലു പോലീസുകാർക്കും നാട്ടുകാരിൽ ചിലർക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്.
തലയ്ക്കു പരിക്കേറ്റ ഹോംഗാർഡ് പീറ്റർ, പ്രദേശവാസി രോഹിണി എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് ജീപ്പിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. പ്രദേശത്തെ സ്വകാര്യചടങ്ങിൽ പങ്കെടുക്കാനെത്തിയ രണ്ടു യുവാക്കളെ പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിനു പുന്നപ്ര ഇൻസ്പെക്ടർ കെ.ജി. പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു.
ഇതേത്തുടർന്നു സംഘടിച്ചെത്തിയ സ്ത്രീകളടക്കമുള്ള നാട്ടുകാർ അരമണിക്കൂറോളം പോലീസ് ജീപ്പ് തടഞ്ഞുവെച്ചു. പോലീസ് ജീപ്പിനുനേരെ കല്ലേറുമുണ്ടായി.
ഇൻസ്പെക്ടറെക്കൂടാതെ നാലു പോലീസുകാരാണ് ജീപ്പിലുണ്ടായിരുന്നത്. കൂടുതൽ പോലീസുകാർ എത്തിയാണ് സ്ഥലത്തെ സ്ഥിതി നിയന്ത്രിച്ചത്. എട്ടുപേരെ സംഭവസ്ഥലത്തു നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു.