നടിയെ ആക്രമിച്ച കേസിലെ വിസ്താരം നീട്ടിവെക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയിൽ. സാക്ഷികളെ വിസ്തരിക്കുന്നത് തുടരന്വേഷണം പൂര്‍ത്തിയായതിന് ശേഷമാകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ച പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ ഹൈക്കോടതി പ്രോസിക്യൂഷന് അനുമതി നല്‍കിയിരുന്നു. അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്.
പത്ത് ദിവസത്തിനകം വിസ്താരം പൂര്‍ത്തിയാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ഈ കാലാവധി ജനുവരി 30ന് അവസാനിക്കാനിരിക്കെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ലെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
അഞ്ച് സാക്ഷികളില്‍ ചിലര്‍ കോവിഡ് പോസിറ്റീവ് ആയി. ഒരാള്‍ കേരളത്തിന് പുറത്താണ്. ആയതിനാൽ പത്ത് ദിവസം കൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.
തുടരന്വേഷണവും നടക്കുന്ന സാഹചര്യത്തില്‍ വിസ്താരം നടത്തുന്നതിനുള്ള സമയം നീട്ടിക്കിട്ടണമെന്ന് ആവശ്യമാണ് ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചിരിക്കുന്നത്.
ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ദിലീപ് ഉള്‍പ്പടെ അഞ്ചു പ്രതികളുടെയും രണ്ടാം ദിവസത്തെ ചോദ്യംചെയ്യല്‍ തുടരുകയാണ്. ക്രൈ ബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.