പെഗാസസിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. എന്നാൽ കേന്ദ്രസര്‍ക്കാർ മൗനം തുടരുകയാണ്.
ഇസ്രയേലുമായുള്ള കരാറിന്റെ ഭാഗമായി 2017ല്‍ പെഗാസസ് ചാര സോഫ്‌റ്റ്വെയര്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വാങ്ങിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. മോദി സര്‍ക്കാര്‍ പെഗാസസ് വാങ്ങിയത് സംസ്ഥാന നേതാക്കളെയും പൊതുജനങ്ങളെയും ചാരപ്പണി ചെയ്യാനാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
ഭരണ-പ്രതിപക്ഷ നേതാക്കളുടേയും കോടതിയുടേയും ഫോണുകള്‍ അവര്‍ ചോര്‍ത്തി. ഇത് രാജ്യദ്രോഹമാണ്, മോദി സര്‍ക്കാര്‍ രാജ്യദ്രോഹിയാണ്, രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ മറ്റ് നേതാക്കളും കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് രംഗത്തെത്തി.
എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ ഇന്ത്യയുടെ ശത്രുക്കളെപ്പോലെ പ്രവര്‍ത്തിക്കുകയും ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ യുദ്ധായുധം പ്രയോഗിക്കുകയും ചെയ്തതെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചത്. പെഗാസസ് ഉപയോഗിച്ചുള്ള നിയമവിരുദ്ധമായ ഒളിച്ചുകളി രാജ്യദ്രോഹത്തിന് തുല്യമാണ്. ആരും നിയമത്തിന് അതീതരല്ല, നീതി ലഭിക്കുന്നുണ്ടെന്ന് തങ്ങള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേല്‍ സര്‍ക്കാരിന്റെ അറിവോട് കൂടിയാണ് എന്‍ എസ് ഒ നിര്‍മിത സോഫ്‌റ്റ്വെയര്‍ ഇന്ത്യ വാങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം ഇസ്രയേല്‍ സര്‍ക്കാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യക്കും ഇസ്രയേലിനുമിടയില്‍ നടന്ന പ്രതിരോധ-ആയുധ ഇടപാടുകളുടെ ഭാഗമായി 2017ല്‍ ഇന്ത്യ പെഗാസസ് വാങ്ങി എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.