കോട്ടയം : ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ ഇരയായ സിസ്റ്റര്‍ മാധ്യമങ്ങളെ കാണും.പൊതുസമൂഹത്തോട് സംസാരിക്കും .അതിജീവിത പൊതുസമൂഹത്തിലേക്ക് ഇറങ്ങുന്നു. സേവ് അവര്‍ സിസ്റ്റേഴ്‌സ് പ്രതിനിധിയായ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയാണ് അതിജീവിത പോരട്ടവുമായി പൊതുസമൂഹത്തിലേക്ക് ഇറങ്ങുമെന്ന് വ്യക്തമാക്കിയത്. വളരെ തകര്‍ന്ന അവസ്ഥയിലാണ് അതിജീവിതയുള്ളതെന്നും എന്നാല്‍ അവര്‍ ഉറച്ച തീരുമാനത്തിലാണെന്ന് വ്യക്തമായതായും ഫാദര്‍ വട്ടോളി കൂട്ടിച്ചേര്‍ത്തു.
അതിജീവിതയായ സിസ്റ്റര്‍ ഉടന്‍ തന്നെ മാധ്യമങ്ങളെ കാണും പൊതുസമൂഹത്തോട് സംസാരിക്കും. മുഖം മറയ്ക്കാതെ സമൂഹത്തോട് പ്രതികരിക്കും. ഇക്കാര്യം സിസ്റ്റര്‍ തന്നെ വ്യക്തമാക്കുമെന്നും ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു.സിസ്റ്റര്‍ ഇനി മുഖം മറച്ച് വാതില്‍ അടച്ച് അകത്തിരിക്കില്ല. നീതിക്കുവേണ്ടി പോരാടാന്‍ തന്നെയാണ് അതിജീവിതയുടെ തീരുമാനം. ഇന്ന് നേരില്‍ കാണവെ സിസ്റ്റര്‍ ഇരയല്ലെന്ന് ആവര്‍ത്തിച്ച് തങ്ങള്‍ പറഞ്ഞെന്നും ഇനി നിശബ്ദയായിരിക്കില്ലെന്നാണ് മനസ്സിലാക്കിയതെന്നും ഫാദര്‍ കൂട്ടിച്ചേര്‍ത്തു.
ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കേസില്‍ കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ വിധി പകര്‍പ്പ് പുറത്ത്. കന്യാസ്ത്രീയെ ബലാത്സഗം ചെയ്ത കേസുമായി ബന്ധപ്പെട്ട നല്‍കിയ കേസ് വിശ്വാസയോഗ്യമല്ലെന്ന് കോടതി പറഞ്ഞു. കന്യാസ്ത്രീയുടെ മൊഴി വിശ്വാസ്യയോഗ്യമല്ല എന്നതാണ് കേസ് തള്ളാനും ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കാനും കാരണമായി കോടതി പറയുന്നത്. കന്യാസ്ത്രീ ചില സ്ഥാപിത താല്‍പര്യക്കാരുടെ വലയില്‍ വീണുപോയെന്ന് വിധി പകര്‍പ്പില്‍ പറയുന്നു. ഉന്നയിച്ചത് വ്യാജ ആരോപണങ്ങളാണെന്നും കോടതി പറയുന്നു. അതുകൊണ്ട് തന്നെ പരാതിയും കേസും നിലനില്‍ക്കുന്നതല്ലെന്നും വിധിയില്‍ പറയുന്നു.
കേസില്‍ നേരത്തെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. പ്രോസിക്യൂഷന്‍ ചുമത്തിയ ഏഴ് കുറ്റങ്ങളും നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. വിധി ഞെട്ടിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ പ്രതികരിച്ചത്. അപ്പീല്‍ പോകുമെന്നും ഇവര്‍ പറഞ്ഞു. ശാസ്ത്രീയ തെളിവുകളുടെ അഭാവം, സാഹചര്യത്തെളിവുകളെയും മൊഴികളെയും മാത്രം ആശ്രയിച്ചത്, പരാതിപ്പെടാനുണ്ടായ കാലതാമസം, ബിഷപ്പും കന്യാസ്ത്രീയും തമ്മില്‍ മഠവും ബന്ധപ്പെടുണ്ടായിരുന്ന ചില തര്‍ക്കങ്ങള്‍ എന്നിവയൊക്കെയാവാം തിരിച്ചടിയായതെന്നാണ് പ്രോസിക്യൂഷന്‍ കണക്ക് കൂട്ടുന്നത്.
2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. 105 ദിവസത്തെ വിചാരണയ്ത്ത് ശേഷമാണ് കോട്ടയം അഡീഷണന്‍ സെഷന്‍ കോടതി വിധി പുറപ്പെടുവിച്ചത്. ജഡ്ജി ജി ഗോപകുമാര്‍ ഒറ്റവരിയില്‍ വിധി പറഞ്ഞു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവും സുബിന്‍ കെ. വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമന്‍പിള്ള, സി.എസ്.അജയന്‍ എന്നിവരുമാണു ഹാജരായത്.
രാവിലെ 9.30 ഓടെ തന്നെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോട്ടയത്ത് കോടതിയിലെത്തിയിരുന്നു. കനത്ത സുരക്ഷയായിരുന്നു കോടതിയില്‍ വിധി പറയുന്നതിന് മുന്നോടിയായി നടപ്പാക്കിയിരുന്നത്. മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെ പരിശോധിച്ച ശേഷമായിരുന്നു കോടതിയിലേക്ക് കടത്തി വിട്ടത്. ബോംബ് സ്‌കോഡ് ഉള്‍പ്പെടെ കോടതിയിലെത്തി പരിശോധനകള്‍ നടത്തിയിരുന്നു. സമാനതകളില്ലാത്ത നിയമ പോരാട്ടവും സംഭവ വികാസങ്ങളുമായിരുന്നു കന്യാസ്ത്രീ പീഡന കേസില്‍ കേരളം കണ്ടത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സഭ നേരിട്ട് പ്രതിരോധത്തിനിറങ്ങിയപ്പോള്‍ നീതി തേടി തെരുവില്‍ ഇറങ്ങുന്നതുവരെ വിഷയം നീണ്ടു. കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി പൊതു സമൂഹവും തെരുവിലിറങ്ങിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉള്‍പ്പെടെ ഉണ്ടായത്.
2018 സെപ്തംബര്‍ 21ാം തീയതിയായിരുന്നു ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. 2018 സെപ്റ്റംബര്‍ 23ന് ബിഷപ്പ് ഫ്രാങ്കോയെ കുറുവിലങ്ങാട് മഠത്തില്‍ എത്തിച്ചു തെളിവെടുത്തു. 2018 സെപ്റ്റംബര്‍ 24ന് ഫ്രാങ്കോ മുളയ്ക്കലിനെ റിമാന്‍ഡ് ചെയ്തു. എന്നാല്‍ 25 ദിവസം നീണ്ട ജയില്‍ വാസത്തിന് ശേഷം 2018 ഒക്ടോബര്‍ 15ന് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കുയും ചെയ്തു.പിന്നീട് പൊലീസ് നടപടി വൈകിയപ്പോള്‍ വീണ്ടും പ്രതിഷേധങ്ങള്‍ അരങ്ങേറി. 2019 ഏപ്രില്‍ 6ന് കുറ്റപത്രം വൈകുന്നതിനെതിരെയുള്ള സേവ് അവര്‍ സിറ്റേഴ്സിന്റെ പ്രതിഷേധത്തില്‍ കന്യാസ്ത്രീകളും പങ്കാളികളായി. പത്ത് മാസം നീണ്ട അന്വേഷണത്തിന് ഒടുവില്‍ ഏപ്രില്‍ 9ന് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത. എന്നാല്‍ 2020 ജനുവരി 25ന് വിചാരണ കൂടാതെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജിയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
ആദ്യം അഡീഷണല്‍ സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും സുപ്രീംകോടതിയും വിടുതല്‍ ഹര്‍ജി തള്ളി. 2020 സെപ്റ്റംബര്‍ 16ന് കോട്ടയം അഡിഷനല്‍ സെഷന്‍സ് കോടതിയില്‍ അടച്ചിട്ട മുറിയില്‍ വിചാരണ തുടങ്ങി. നവംബര്‍ അഞ്ചിന് ഫ്രാങ്കോയുടെ വിടുതല്‍ പുനഃപരിശോധന ഹര്‍ജിയും സുപ്രീംകോടതി തള്ളി.
തേസമയം അധികാരത്തിനായി വ്യാജ ആരോപണങ്ങളാണ് കന്യാസ്ത്രീ ഉന്നയിച്ചതെന്നാണ് വിധിയില്‍ പറയുന്നത്. കന്യാസ്ത്രീ മഠത്തില്‍ ബിഷപ്പും പരാതിക്കാരിയുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളുണ്ടായിരുന്നു. അവിടെ രണ്ട് ഗ്രൂപ്പുകളായി അധികാര തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് കേസ് വന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കന്യാസ്ത്രീയുടെയും അവരുടെ ഒപ്പമുള്ളവരുടെയും മൊഴികള്‍ വിശ്വാസയോഗ്യമല്ല. നെല്ലും പതിരും ചേര്‍ന്ന കേസാണിത്. അതിനാല്‍ ഈ കേസ് സത്യസന്ധമാണെന്ന് പ്രോസിക്യൂഷന്‍ അവതരിപ്പിച്ച തെളിവുകള്‍ വെച്ച് സാധിക്കില്ല. കന്യാസ്ത്രീ പലതും പര്‍വതീകരിച്ച് പറയുകയാണെന്നും കോടതി പറഞ്ഞു.
കന്യാസ്ത്രീയുടെ മൊഴി വിശ്വാസ്യ യോഗ്യമല്ല. പല ഘട്ടത്തിലും പല രീതിയിലാണ് അവര്‍ മൊഴി നല്‍കിയത്. ബിഷപ്പിനെതിരെ പരാതി ഉന്നയിക്കുന്ന അതേ ഘട്ടത്തില്‍ തന്നെ പരാതിക്കാരിയും ഒപ്പമുള്ള കന്യാസ്ത്രീകളും തങ്ങള്‍ക്ക് വേറൊരു മഠം അനുവദിച്ചാല്‍ ഈ പരാതി ഒത്തുതീര്‍പ്പാക്കാം എന്ന് പറയുന്നുണ്ട്. ഇതെല്ലാം അവരുടെ മൊഴിയെ കുറിച്ച് സംശയം ഉണ്ടാക്കുന്നതാണ്. കന്യാസ്ത്രീ ലൈംഗികമായി ഉപയോഗിക്കപ്പെട്ടു എന്നതില്‍ സംശയമില്ല. പക്ഷേ ബിഷപ്പുമായി ബന്ധപ്പെട്ടുള്ള കേസ് വരും മുമ്പേ ഇവര്‍ക്കെതിരെ പല പരാതികളും വന്നു. പരാതിക്കാരിയുടെ ബന്ധു തന്നെ പരസ്യമായി രംഗത്ത് വന്നിരുന്നു. കന്യാസ്ത്രീക്ക് ബിഷപ്പുമായിട്ടല്ല മറ്റ് പലരുമായിട്ടാണ് ബന്ധം എന്നാണ് പ്രതിഭാഗം വാദിച്ചത്. ഈ വാദത്തെ ഖണ്ഡിക്കാന്‍ പ്രോസിക്യൂഷന്‍ സാധിച്ചില്ലെന്നും വിധിപകര്‍പ്പില്‍ പറയുന്നുണ്ട്.
2021 ഡിസംബര്‍ 29ന് വാദം കേസില്‍ വാദം പൂര്‍ത്തിയാവുകയും ചെയ്തു. കേസിലെ 84 സാക്ഷികളില്‍ 39 പേരെ വിസ്തരിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, രണ്ട് ബിഷപ്പുമാര്‍, 11 വൈദികര്‍, 25 കന്യാസ്ത്രീകള്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു സാക്ഷിപ്പട്ടിക. പ്രോസിക്യൂഷന്‍ 122 രേഖകള്‍ കോടതിയില്‍ ഹാജരാക്കി. പ്രതിഭാഗം 6 സാക്ഷികളെ വിസ്തരിച്ചു. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അനുമതി ഉണ്ടായിരുന്നില്ല.