ലണ്ടന്‍: പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചെത്താന്‍ കൊതിച്ച് പറന്നെത്തിയ ബോറിസ് ജോണ്‍സണ്‍ പാര്‍ട്ടി എംപിമാരുടെ പിന്തുണ നേടാന്‍ കഴിയാതെ പിന്മാറി .100 കൺസർവേറ്റീവ് എംപിമാരുടെ പിന്തുണ നേടാനാകാതെയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽനിന്നും മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പിന്മാറിയത്.
ഇന്നലെ രാത്രി വൈകിയാണ് ബോറിസ് മത്സരത്തിൽനിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ച് പ്രസ്താവനയിറക്കിയത്. 102 എംപിമാരുടെ പിന്തുണയുള്ള തനിക്ക് മത്സരിക്കാൻ സാധിക്കുമെങ്കിലും പാർട്ടിയിൽ സമ്പൂർണ ഐക്യമില്ലാതെ മികച്ച ഭരണം സാധ്യമല്ലാത്തതിനാലാണ് പിന്മാറുന്നതെന്നാണ് ബോറിസ് വിശദീകരിച്ചത്. എന്നാൽ ഇന്നലെ രാത്രിവരെ കേവലം 57 എംപിമാരുടെ പിന്തുണ മാത്രമാണ് ബോറിസിന് നേടാനായതെന്ന് ബ്രിട്ടിഷ് മധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കൂടുതൽ എംപിമാരുടെ പിന്തുണ എളുപ്പമല്ലെന്നു വിലയിരുത്തിയാണ് അവസാന ദിവസത്തിനു മുൻപേയുള്ള തന്ത്രപരമായ പിന്മാറ്റം.
പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ച ശേഷം തന്നിഷ്ടപ്രകാരം ഭരണം നടത്തി നാറ്റിച്ചതിനെ തുടര്‍ന്ന് കസേര ഒഴിയേണ്ടി വന്ന ബോറിസിന് ലിസ് ട്രസിന്റെ രാജിയാണ് ഒരു തിരിച്ചുവരവിന് അവസരമൊരുക്കിയത്. എന്നാല്‍ പാര്‍ട്ടി എംപിമാര്‍ ഈ ‘ആഗ്രഹം’ അത്രത്തോളമില്ലെന്നാണ് പിന്തുണ നല്‍കുന്ന എംപിമാരുടെ എണ്ണം വ്യക്തമാക്കുന്നത്.147 എംപിമാരുടെ പിന്തുണയുമായി ഋഷി സുനാക് ബഹുദൂരം മുന്നേറിയിട്ടുണ്ട്. കേവലം 53 എംപിമാരുടെ പിന്തുണ ഉറപ്പാക്കാനാണ് ഇതുവരെ ബോറിസിന് സാധിച്ചിട്ടുള്ളത്. പെന്നി മോര്‍ഡന്റിന് 23 പേരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ അടുത്ത തെരഞ്ഞെടുപ്പിലേക്ക് നയിക്കാന്‍ താനാണ് യോഗ്യനെന്ന് വാദിച്ച് അനുനയ നീക്കങ്ങള്‍ നടത്തുകയാണ് ബോറിസ്.കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ഒരുമിപ്പിച്ച് കൊണ്ടുപോകാന്‍ ഋഷി സുനാകുമായി അധികാരം പങ്കുവെയ്ക്കലിന് വരെ ബോറിസ് തയ്യാറായിക്കഴിഞ്ഞു.
ഈ വിഷയത്തില്‍ ഇരുവരും മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തുകയും ചെയ്തു. താന്‍ നം.10ല്‍ തിരിച്ചെത്തിയാല്‍ മുന്‍ ചാന്‍സലര്‍ക്ക് സീനിയര്‍ റോയല്‍ നല്‍കി വിഭജന വാദം ഒഴിവാക്കാമെന്നാണ് മുന്‍ പ്രധാനമന്ത്രി ഓഫര്‍ ചെയ്യുന്നത്. തിങ്കളാഴ്ചയ്ക്കുള്ളില്‍ 100 എംപിമാരുടെ പിന്തുണ ഉറപ്പാക്കാന്‍ വിയര്‍ക്കവെയാണ് ബോറിസിന്റെ ഓഫര്‍!ടോറി അംഗങ്ങളുടെ ബാലറ്റ് നടന്നാല്‍ തനിക്ക് ജയിക്കാമെന്ന പ്രതീക്ഷയിലാണ് ബോറിസിന്റെ നീക്കങ്ങള്‍. ഋഷി സുനാകിന് ഉയര്‍ന്ന പദവി നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും, തനിക്ക് അനുകൂലമായി കാര്യങ്ങള്‍ മാറിയില്ലെങ്കില്‍ എല്ലാം ഋഷിക്ക് നല്‍കുമെന്നാണ് മുന്‍ പ്രധാനമന്ത്രിയുടെ നിലപാട്.ദേശീയ താല്‍പര്യം കൊണ്ട് മാത്രമാണ് ബോറിസ് ഈ നീക്കം നടത്തുന്നതെന്നാണ് ഇദ്ദേഹത്തിന്റെ അടുപ്പക്കാരുടെ വാദം. എന്നാല്‍ ഋഷി-ബോറിസ് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇതുവരെ പങ്കുവെച്ചിട്ടില്ല. ബോറിസ് ജോണ്‍സണ്‍ നേതാവായാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ വിജയം തടയാമെന്ന വാദമാണ് ഇദ്ദേഹത്തിന്റെ അനുനായികള്‍ മുന്നോട്ട് വെയ്ക്കുന്നത്. ഈ വാദത്തെ സാധൂകരിക്കാന്‍ സര്‍വ്വെഫലങ്ങള്‍ പുറത്തുവിട്ട് തുടങ്ങിയിട്ടുള്ളത് എംപിമാരെ സ്വാധീനിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.