കീവ് : സമാധാന ശ്രമങ്ങള്‍ക്ക് ഫലമില്ല, യുക്രൈനില്‍ കനത്ത ആക്രമണം തുടര്‍ന്ന് റഷ്യ. വ്യോമാക്രമണത്തിന് ഒപ്പം കരമാര്‍ഗവും റഷ്യന്‍ സേന യുക്രൈനിലേക്ക് പ്രവേശിച്ചു. ഒഡേസയില്‍ ആറ് പേരും തലസ്ഥാനമായ കീവില്‍ ഉണ്ടായ ഷെല്ലാക്രമണത്തില്‍ ഒരാളുമാണ് കൊല്ലപ്പെട്ടതെന്ന് യുക്രൈന്‍ സ്ഥിരീകരിച്ചു.
ഇന്ത്യന്‍ സമയം എട്ടരയോടെയാണ് യുക്രൈനില്‍ റഷ്യന്‍ ആക്രമണം ആരംഭിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ യുദ്ധപ്രഖ്യാപനത്തോടെയാണ് സൈനിക നടപടിയുണ്ടായത്. മണിക്കൂറുകള്‍ക്കുള്ളില്‍ കര, വ്യോമ മാര്‍ഗങ്ങളിലൂടെ റഷ്യ യുക്രൈനെ ആക്രമിച്ചു.
പുലര്‍ച്ചെ കിഴക്കന്‍ യുക്രൈവ് വഴിയും സഖ്യരാജ്യമായ ബലാറസുമായി ചേര്‍ന്നുമായിരുന്നു ആക്രമണം. രണ്ടുലക്ഷം സൈനികരെയാണ് യുദ്ധഭൂമിയില്‍ റഷ്യ സജ്ജരാക്കിയത്. വ്യോ മാര്‍ഗമുള്ള ആദ്യം യുദ്ധം ആരംഭിച്ചു. സമാന്തരമായി യുക്രൈനിലെ ഡോണ്‍ബാസിലേക്ക് റഷ്യന്‍ സൈന്യവും കടന്നു.
തലസ്ഥാനമായ കീവില്‍ ആറിടത്ത് മിസൈല്‍ ആക്രമണമുണ്ടായി. യുക്രൈന്‍ നഗരമായ ക്രമറ്റോസ്‌കിലും വ്യോമാക്രമണം നടന്നു. സൈനിക കേന്ദ്രങ്ങളിലേക്ക് മിസൈലാക്രമണമുണ്ടായതോടെ വ്യോമതാവളങ്ങളെല്ലാം അടച്ചു.
ജനങ്ങള്‍ വീടുകളില്‍ സുരക്ഷിതരായി ഇരിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു. ജനവാസ കേന്ദ്രങ്ങളിലല്ല ആക്രണമമെന്ന് റഷ്യ അറിയിച്ചെങ്കിലും പുറത്തുവന്ന ദൃശ്യങ്ങളില്‍ നഗരപ്രദേശങ്ങളോട് ചേര്‍ന്നാണ് സ്‌ഫോടനങ്ങളുണ്ടായതെന്ന് വ്യക്തമാണ്.
നാറ്റോ ഒറ്റക്കെട്ടായി തിരിച്ചടിക്കുമെന്ന് അമേരിക്ക റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ യുക്രൈന്‍ അതിര്‍ത്തിയില്‍ കണ്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.
വരും ദിവസങ്ങളില്‍ കൂടുതല്‍ ഉപരോധവും റഷ്യ നേരിടേണ്ടി വരും. റഷ്യക്കെതിരായ ആദ്യഘട്ട ഉപരോധം ഇന്ന് പ്രഖ്യാപിക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കി. സാങ്കേതികമായും സാമ്പത്തികമായും റഷ്യയെ ഉപരോധിക്കാനാണ് യൂറോപ്യന്‍ യൂണിയനും ആലോചിക്കുന്നത്.
റഷ്യ- യുക്രൈന്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഇന്ത്യ അറിയിച്ചു. രാജ്യം നിഷ്പക്ഷ നിലപാട് തുടരുന്നു എന്നും വിഷയം സമാധാനപരമായി പരിഹരിക്കണമെന്നും ഇന്ത്യ പ്രതികരിച്ചു. ഐക്യരാഷ്ട്ര രക്ഷാ സമിതിയിലെ യോഗങ്ങളിലും ഇന്ത്യ നേരത്തെ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നത്. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ മറ്റു രാജ്യങ്ങളുടെ സഹായവും ഇന്ത്യ അഭ്യര്‍ത്ഥിച്ചു.