തിരുവനന്തപുരം: സ്വര്‍ണ കടത്ത് കേസിലെ പ്രതി സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് കേസിലെ മറ്റൊരു പ്രതി സ്വപ്‌ന സുരേഷ്. ഇന്ന് രാവിലെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ നിന്നാണ് സരിത്തിനെ കൊണ്ടുപോയത് എന്നും വന്നവരരാണ് എന്ന് അറിയില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. തന്റെ വെളിപ്പെടുത്തലിന് പിന്നാലെ അവര്‍ ആക്രമണം തുടങ്ങി എന്നാണ് മനസിലാക്കേണ്ടത് എന്നും സ്വപ്‌ന സുരേഷ് കൂട്ടിച്ചേര്‍ത്തു.
അതേസമയം സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ ഫ്‌ളാറ്റിൽ നിന്നും ബലം പ്രയോഗിച്ച് കൊണ്ടുപോയത് പോലീസിന്റെ വിജിലൻസ് സംഘം. പാലക്കാട്ടെ വിജിലൻസിന്റെ കസ്റ്റഡിയിൽ ആണ് സരിത്ത് നിലവിലുള്ളത്. ലൈഫ് മിഷൻ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് സരിത്തിനെ കസ്റ്റഡിയിൽ എടുത്തത് എന്നാണ് വിജിലൻസ് പറയുന്നത്.
രാവിലെയോടെയാണ് വിജിലൻസ് സരിത്തിനെ കൊണ്ടുപോയത്. സ്വപ്ന സുരേഷും മറ്റ് സ്റ്റാഫുകളും താമസിക്കുന്ന ബിൽടെക് അവന്യൂ എന്ന ഫ്ളാറ്റിൽ നിന്നാണ് സരിത്തിനെ തട്ടിക്കൊണ്ട് പോയത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയ്‌ക്കെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിജിലൻസ് സംഘം കൊണ്ടുപോയത്.
രാവിലെ സ്വപ്‌ന മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ ഉറച്ചുനിന്ന് വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് സരിത്തിനെ തട്ടിക്കൊണ്ടുപോയത്. പോലീസാണെന്ന് പരിചയപ്പെടുത്തിയ ഒരു സംഘം വന്ന് കൂട്ടിക്കൊണ്ടുപോയി എന്നായിരുന്നു വിവരം. മൊബൈൽ ഫോൺ ഉൾപ്പെടെ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു.
എന്നാൽ സരിത്തിനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പാലക്കാട് പോലീസ് വ്യക്തമാക്കിയതോടെ ആരാണ് കൊണ്ടുപോയതെന്ന് സംശയമായി. മാദ്ധ്യമങ്ങളും പോലീസും അന്വേഷണം തുടരുന്നതിനിടെയാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തതായി വിജിലൻസ് സ്ഥിരീകരിക്കുന്നത്.