കേരളത്തിൽ കൊവിഡ് ധനസഹായത്തിനു അപേക്ഷിക്കുന്നവരുടെ എണ്ണം എന്തു കൊണ്ട് കുറയുന്നു എന്ന് സുപ്രീംകോടതി.
മരിച്ചവരുടെ കുടുംബങ്ങളിൽ 60 ശതമാനം മാത്രമാണ് അപേക്ഷ നൽകിയത്. റിപ്പോർട്ടു ചെയ്ത മരണസംഖ്യയുടെ എട്ടിരട്ടി വരെ അപേക്ഷകളാണ് ചില സംസ്ഥാനങ്ങളിൽ വരുന്നത്.
കൊവിഡ് കാരണം മരിച്ചവർക്ക് ധനസഹായത്തിനുള്ള കേസ് കേൾക്കുമ്പോഴാണ് സുപ്രീംകോടതി കേരളത്തോട് ചോദ്യങ്ങൾ ചോദിച്ചത്. കേരളത്തിലെ ഇപ്പോഴത്തെ മരണസംഖ്യ 51,026 ആണ്. ഇതുവരെ 30,415 അപേക്ഷകളാണ് ലഭിച്ചത്.
178 അപേക്ഷകളാണ് തള്ളിയത്. മരിച്ചവരുടെ വീടുകളിൽ ഉദ്യോഗസ്ഥർ എത്തി കാര്യങ്ങൾ വിശദീകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
ഇന്ത്യയിൽ കൊവിഡ് കാരണം മരിച്ചവരുടെ ആകെ എണ്ണം സർക്കാർ കണക്കിൽ 4,87,202 ആണ്. എന്നാൽ ഇതിൻറെ പത്തിരട്ടി വരെയാകാം മരണം എന്ന പഠനങ്ങൾ നേരത്തെ തന്നെ വന്നിട്ടുണ്ട്.
സുപ്രീംകോടതിയിൽ വിവിധ സംസ്ഥാനങ്ങൾ നല്കിയ കണക്കിലും ഈ വ്യത്യാസം പ്രകടമാണ്.