കൊച്ചി: തിങ്കളാഴ്ച പത്ത് മണിക്ക് മുമ്പായി ഫോണുകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് മുന്നില്‍ ഹാജരാക്കണമെന്ന് ദിലീപിനോട് ഹൈ കോടതി. തെളിവുകള്‍ നല്‍കാത്തതും ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോടതി പറഞ്ഞു.
ആറ് ഫോണുകള്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കണമെന്ന് കോടതി ദിലീപിനോട് നിർദേശിച്ചു. വിവിധ കോടതി ഉത്തരവുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഇടക്കാല ഉത്തരവില്‍ സംതൃപ്തരല്ലെങ്കില്‍ നിങ്ങള്‍ വേണമെങ്കില്‍ സുപ്രീംകോടതിയില്‍ പോകൂ എന്നും ഹൈക്കോടതി പറഞ്ഞു. ഇന്ത്യന്‍ എവിഡന്‍സ് ആക്ട്, ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരം പ്രതിക്ക് ഫോണുകള്‍ സ്വന്തം നിലക്ക് പരിശോധിക്കാനുള്ള അവകാശം ഇല്ലെന്നും കോടതി പറഞ്ഞു.
നാല് ഫോണുകള്‍ എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. എന്നാല്‍ മൂന്ന് ഫോണുകളാണ് ഉള്ളത് എന്നും അതില്‍ രണ്ട് ഫോണുകളാണ് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുന്നതെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു.
ദിലീപ് തന്റെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയച്ചതായി കോടതിയെ അറിയിച്ചിരുന്നു. സ്വന്തം നിലയില്‍ പരിശോധനക്ക് അയച്ചത് ശരിയായ നടപടി അല്ലെന്ന് കോടതി ആവര്‍ത്തിക്കുകയായിരുന്നു.
തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ വിശ്വാസമില്ല എന്ന കാര്യം ദിലീപ് കോടതിയോട് പറഞ്ഞു. അത് പോലീസിന്റെ തന്നെ നിയന്ത്രണത്തിലുള്ളതാണ്. ദിലീപിന്റെ സ്വകാര്യതയോ മറ്റ് കാര്യങ്ങളോ അന്വേഷണ സംഘം പരിഗണിക്കുന്നില്ലെന്നുമാണ് ദിലീപ് കോടതിയില്‍ വ്യക്തമാക്കുന്നത്.
ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും 2017 ഡിസംബറില്‍ എം ജി റോഡിലെ ഫ്‌ളാറ്റില്‍ വെച്ചും 2018 മെയില്‍ പോലീസ് ക്ലബ്ബില്‍ വെച്ചും 2019 ല്‍ സുഹൃത്ത് ശരത്തും സിനിമ നിര്‍മാതാവുമായും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഗൂഡാലോചന നടത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
ദിലീപിന്റെ വാദങ്ങളെ പൂര്‍ണമായി തള്ളുന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.