തിരുവനന്തപുരം: ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേരളം. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാർ ശുപാര്‍ശ നൽകി.
കേന്ദ്ര- സംസ്ഥാന ബന്ധങ്ങളില്‍ വരേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച റിട്ട. ജസ്റ്റിസ് മദന്‍ മോഹന്‍ പൂഞ്ചി കമ്മീഷനോടാണ് കേരളം ശുപാര്‍ശ നല്‍കിയിരിക്കുന്നത്. നിയമ സെക്രട്ടറിയുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. ഈ ശുപാര്‍ശ കഴിഞ്ഞ മന്ത്രിസഭാ യോഗം പരിഗണിച്ചിരുന്നു.
ഭരണഘടനാ ലംഘനം, ചാന്‍സലര്‍ പദവിയില്‍ വീഴ്ച, ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ വീഴ്ച ഇവയുണ്ടായാല്‍ ഗവര്‍ണറെ നീക്കാന്‍ സംസ്ഥാന നിയമസഭയ്ക്ക് അധികാരം നല്‍കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
ഗവര്‍ണറെ പദവിയില്‍നിന്നു തിരിച്ചുവിളിക്കാനുള്ള അവസരം ഉണ്ടാകണമെന്നും ഗവര്‍ണറുടെ നിയമനം സര്‍ക്കാരുമായി ആലോചിക്കണമെന്നും കേരളം പറയുന്നു. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും സംസ്ഥാനം നിർദേശിക്കുന്നു. നിലവില്‍ ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനുമായി തുറന്ന പോര് തുടരുന്നതിനിടെയാണ് കേരളത്തിന്റെ ഈ ശുപാര്‍ശ.
ഗവര്‍ണറുടെ വിവേചനാധികാരം നിജപ്പെടുത്തണമെന്ന സുപ്രധാന നിര്‍ദ്ദേശവും സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നു. സര്‍ക്കാര്‍ അംഗീകാരത്തിനായി അയയ്ക്കുന്ന ബില്ലുകള്‍ക്ക് അനുമതി കിട്ടാന്‍ കാലതാമസം ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നിര്‍ദ്ദേശം. കാലതാമസം ഉണ്ടാകാതെ തീരുമാനമെടുക്കാന്‍ നടപടി ഉണ്ടാകണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു.
കൂടാതെ ക്രമസമാധാന പ്രശ്നമുണ്ടാകുമ്പോള്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ സംസ്ഥാനത്തിന്റെ അനുമതിയും കൂടിയാലോചനയും വേണമെന്നും സംസ്ഥാനം മുന്നോട്ടുവെച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു.ഗവര്‍ണറായി നിയമിക്കപ്പെടുന്ന ആളിന് സജീവ രാഷ്ട്രീയമുണ്ട് എന്നത് നിയമനത്തിന് തടസ്സമാകരുതെന്നും സംസ്ഥാനം ആവശ്യപ്പെട്ടു