സംസ്ഥാനം കൊടുംചൂടിന്റെ പിടിയില്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉഷ്ണതരംഗത്തിന്റെകൂടി ഫലമാണ് ഇതെന്ന് ശാസ്ത്രലോകം പറയുന്നു.
സംസ്ഥാനത്ത് ചൂടുകൂടുന്നത് ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്കുമുകളില്‍ രൂപപ്പെട്ട ഉഷ്ണതരംഗത്തിന്റെ സ്വാധീനത്തില്‍. ഇതേത്തുടര്‍ന്ന് അവിടെ അന്തരീക്ഷത്തിലുണ്ടായ എതിര്‍ചുഴലി എന്ന വായുപ്രതിഭാസം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ചൂട് വ്യാപിക്കാന്‍ കാരണമായി. ആയിരക്കണക്കിന് കിലോമീറ്റര്‍ വ്യാസമുള്ള ഈ ചുഴലി ഭൂമിയുടെ പ്രതലത്തോടുചേര്‍ന്ന വായുവും ചൂടാക്കും.
ഘടികാരദിശയില്‍ കറങ്ങുന്ന ഈ വായുവിന്റെ ചക്രത്തിന് വലുപ്പംകൂടുംതോറും കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് ചൂട് വ്യാപിക്കും. ഇതിനെ എതിര്‍ചുഴലി എന്നാണ് പറയുന്നത്. ഭൗമപ്രതലത്തില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍വരെ ഉയരത്തിലാണ് ഈ ചുഴലിയെന്ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി റഡാര്‍ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. എം.ജി.മനോജ് പറഞ്ഞു.
താഴേക്കും പരിസരത്തേക്കും ഒരേസമയം ചൂട് കൂട്ടുന്ന അസാധാരണ സാഹചര്യമാണ് ഈ ചുഴലിയുണ്ടാക്കുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര മേഖലകളില്‍ അന്തരീക്ഷ ഊഷ്മാവ് സാധാരണയിലും നാലരഡിഗ്രിവരെ ഉയരുന്നുണ്ട്. ഇതാണ് ഉഷ്ണതരംഗം. അവിടങ്ങളില്‍ ചൂട് 43 ഡിഗ്രിവരെയൊക്കെ എത്താം. ഇത് അപകടകരമാണ്. കേരളത്തില്‍ അത്ര വരില്ലെങ്കിലും ചിലയിടത്ത് 40 ഡിഗ്രിവരെ എത്തിയേക്കാം. ഒരാഴ്ചയെങ്കിലും സംസ്ഥാനത്ത് ഉഷ്ണം കൂടിനില്‍ക്കാനാണ് സാധ്യത.
കേരളത്തില്‍, ഈ പ്രതിഭാസംകൂടാതെ തമിഴ്‌നാട്ടില്‍നിന്നുള്ള വരണ്ട കാറ്റും ചൂട് കൂട്ടുന്നു. പാലക്കാട്, പുനലൂര്‍ എന്നിവിടങ്ങളിലെ സവിശേഷ അവസ്ഥയ്ക്ക് ഒരു കാരണമിതാണ്. മാര്‍ച്ച് 21-നാണ് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തെത്തുന്നത്. ഇതും ചൂട് കൂട്ടും.