തിരുവനന്തപുരം : പരിശോധനയിൽ രണ്ടിലൊരാൾ കോവിഡ് പോസീറ്റിവ് ആയതോടെ തിരുവനന്തപുരത്ത് ഇന്ന് മുതല്‍ രോഗ ലക്ഷണങ്ങളുള്ളവരും പരിശോധിക്കാതെ പോസിറ്റീവായി കണക്കാക്കും.
കൊവിഡ് നിയന്ത്രണങ്ങളില്‍ ജില്ല സി കാറ്റഗറിയിലേക്ക് കടന്നതോടെയാണ് തീരുമാനം. പരിശോധിക്കുന്ന രണ്ടില്‍ ഒരാള്‍ പോസിറ്റിവാകുന്നതാണ് തിരുവനന്തപുരം ജില്ലയിലെ സാഹചര്യം.
പരിശോധനകളുടെയും ടിപിആറിന്റെയും പ്രസക്തി കഴിഞ്ഞ ഘട്ടത്തിലാണ് തിരുവനന്തപുരം ഇപ്പോൾ.
ആരോഗ്യ വകുപ്പിന്റെ കര്‍മ്മ പദ്ധതിയിലെ നിര്‍ദ്ദേശ പ്രകാരം ഇനി ജില്ലയില്‍ സിന്‍ഡ്രോമിക് മാനേജ്‌മെന്റ് രീതിയാണ് നടപ്പിലാക്കുക. രോഗലക്ഷണങ്ങളുള്ളയാളുകള്‍ പരിശോധിച്ച് പോസീറ്റിവ് സ്ഥിരീകരിക്കണമെന്നില്ല.
പരിശോധന കൂടാതെ തന്നെ പോസീറ്റിവായി കണക്കാക്കി ഐസോലേഷനടക്കമുള്ള കാര്യങ്ങള്‍ പാലിക്കണമെന്നതാണ് അറിയിപ്പ്.
ലക്ഷണങ്ങളുള്ളവര്‍ സ്വയം പോസിറ്റിവായി കണക്കാക്കി കര്‍ശന ഐസോലേഷന്‍ പാലിക്കണം. അതേസമയം കൊവിഡ് ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് പരിശോധയില്‍ മുന്‍ഗണന നല്‍കി ചികിത്സ നല്‍കും.
താഴേത്തട്ടില്‍ കൂടുതല്‍ സി എഫ് എല്‍ ടി സികള്‍ തുറക്കാനും ഫീല്‍ഡ് ആശുപത്രികള്‍ ശക്തമാക്കാനും നിര്‍ദേശമുണ്ട്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികളായതിനാലാണ് തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.
ജില്ലയില്‍ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക-മത-സാമുദായികപരമായ പൊതുപരിപാടികള്‍ ഉള്‍പ്പെടെ എല്ലാ ഒത്തുചേരലുകളും വിലക്കിയിട്ടുണ്ട്.
മതപരമായ പ്രാര്‍ത്ഥനകളും ആരാധനകളും ഓണ്‍ലൈനായി നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 20 ആയിരിക്കും. സിനിമ തിയേറ്റര്‍, ജിമ്മുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനവും ജില്ലയിൽ അനുവദിക്കില്ല.
എല്ലാ ക്ലാസുകളും ജനുവരി 31 വരെ ഓണ്‍ലൈന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കണം. അതേസമയം 10, 12, അവസാനവര്‍ഷ ബിരുദ, ബിരുദാനന്തരതല ക്ലാസുകള്‍ ഓഫ് ലൈനായി തുടരും.
ഈ സ്ഥാപനങ്ങളില്‍ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെടുകയും മൂന്ന് ദിവസത്തെ ഹാജര്‍നില ശരാശരി 40 ശതമാനത്തില്‍ താഴെ എത്തുകയും ചെയ്താല്‍ സ്ഥാപനമേധാവികള്‍ ക്ലാസുകള്‍ 15 ദിവസത്തേക്ക് ഓണ്‍ലൈന്‍ സംവിധാനത്തില്‍ തുടരണമെന്നും നിർദ്ദേശമുണ്ട്.