മീഡിയാവണ്‍ ചാനലിന് സംപ്രേഷണത്തിന് അനുമതി നല്‍കി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന് മേല്‍ ലൈസന്‍സ് കാലാവധി കഴിഞ്ഞുവെന്ന തടസവാദം ഉന്നയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നീക്കം സുപ്രീംകോടതി തള്ളിക്കളഞ്ഞു. മുദ്രവെച്ച കവറുകളിന്മേലുള്ള കോടതി വ്യവഹാരത്തിനോട് യോജിപ്പില്ലെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാറിനെ ഓര്‍മിപ്പിച്ചു.
മീഡിയാവണിന്‍റെ സുരക്ഷാ ക്ലിയറന്‍സ് നിഷേധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ് സ്റ്റേ ചെയ്തും സംപ്രേഷണത്തിന് അനുമതി നല്‍കിയും മുമ്ബ് നടന്നിരുന്നത് പോലെ ചാനല്‍ നടത്താന്‍ ജസ്റ്റിസ് ചന്ദ്രചൂഡ് ഉത്തരവ് പുറപ്പെടുവിക്കുകയും കോടതി അത് രേഖപ്പെടുത്തുകയും ചെയ്ത ശേഷമായിരുന്നു അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ രാജു ലൈസന്‍സ് കഴിഞ്ഞ ചാനലിന് പ്രവര്‍ത്തിക്കാനാവില്ല എന്ന് വാദിച്ചത്. ഇത് ഖണ്ഡിച്ച ജസ്റ്റിസ് ചന്ദ്രചൂഡ് ഡിസംബറില്‍ ലൈസന്‍സ് കഴിഞ്ഞിട്ടും ജനുവരിയിലും സംപ്രേഷണം തുടര്‍ന്നല്ലോ എന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭഷകനോട് തിരിച്ചുചോദിച്ചു. ഉത്തരമില്ലാതായ എ.എസ്.ജിയോട് ജനുവരിയില്‍ നടന്നപോലെ ഇനിയും നടക്കട്ടെയെന്ന് പറഞ്ഞ് ഇടക്കാല ഉത്തരവിന് ശേഷവും ചാനല്‍ സംപ്രേഷണം തടയാനുള്ള നീക്കത്തിന്‍റെ വഴിയടച്ചു.
കേരള ഹൈകോടതി സിംഗിള്‍ ബെഞ്ച് വിധി പുറപ്പെടുവിച്ച ജഡ്ജിക്കെതിരെ വിലക്കിന് ശേഷം തുടര്‍ന്ന മീഡിയാവണ്‍ യൂ ട്യൂബ് ചാനല്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണം ഉന്നയിച്ച് കേന്ദ്ര സര്‍ക്കാറിന്‍റെ മറ്റൊരു അഭിഭാഷകനായ നടരാജും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നത് തടയാന്‍ നോക്കി. എന്നാല്‍ ചാനലിന് അനുകൂലമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനുള്ള നീക്കത്തില്‍ നിന്ന് അത്കൊണ്ടും മൂന്നംഗ ബെഞ്ചിനെ തടയാന്‍ കേന്ദ്രത്തിന്‍റെ അഭിഭാഷകനായില്ല.
കേന്ദ്ര സര്‍ക്കാറിന് നല്‍കിയ ശക്തമായ മറ്റൊരു സന്ദേശത്തില്‍ ‘മുദ്രവെച്ച കവറുകളുടെ കോടതി വ്യവഹാര’ത്തില്‍ താല്‍പര്യമില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കി. ‘മുദ്രവെച്ച കവറുകളുടെ കോടതി വ്യവഹാരം’ സുപ്രീംകോടതി തള്ളിക്കളഞ്ഞതാണെന്ന് പഴയ വിധി ഉദ്ധരിച്ച് ‘മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡി’ന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വാദിച്ചപ്പോഴായിരുന്നു ഇത്.
തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച രഹസ്വസ്വഭാവമുള്ള ഫയലുകള്‍ കോടതിക്ക് അറിയണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കി. അവരുടെ ബിസിനസ് അടച്ചിട്ടിരിക്കുകയാണ്. എന്നിട്ടും എന്താണ് ഫയല്‍ വെളിപ്പെടുത്തുന്നതില്‍ കേന്ദ്രത്തിന് തടസം. അതില്‍ എന്താണ് പ്രയാസമെന്നും ജ. ചന്ദ്രചൂഢ് ചോദിച്ചു. ഫയലുകളിലെ രഹസ്യവിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ മീഡിയാവണിന് പ്രശ്നമില്ലല്ലോ എന്ന ചോദ്യത്തിന് വെളിപ്പെടുത്തണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് ദുഷ്യന്ത് ദവെ ആവര്‍ത്തിച്ചു.