ന്യൂഡല്‍ഹി: ത്രിവര്‍ണപതാക സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ചിത്രമാക്കണമെന്നും ഓഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തണമെന്നും അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാര്‍ഷികം പ്രമാണിച്ചുള്ള അമൃത് മഹേത്സവത്തിന്റെ ഭാഗമായി ഹര് ഘര്‍ തിരംഗ കാംപയിന് എല്ലാവരും ചേര്‍ന്ന് വിജയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.
ഓഗസ്റ്റ് രണ്ട് മുതല്‍ 15 വരെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ മുഖചിത്രം ദേശീയ പതാകയാക്കണമെന്നും മോദി പറഞ്ഞു. മന് കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ‘ഓഗസ്റ്റ് രണ്ടിന് ത്രിവര്‍ണ്ണവുമായി പ്രത്യേക ബന്ധമുണ്ട്. നമ്മുടെ ദേശീയ പതാക രൂപകല്‍പ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്മദിനമാണ് അന്ന്. അദ്ദേഹത്തിന് ആദരമര്‍പ്പിക്കുന്നു. വലിയ വിപ്ലവകരമായ മാഡം കാമയേയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു’, മോദി പറഞ്ഞു.
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാവരും വീടുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താനും നേരത്തെ പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രം മാറ്റാനുള്ള നിര്‍ദേശം മോദി മുന്നോട്ടുവച്ചത്.
അതേസമയം, സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന് കേരളത്തിലെ മുഴുവന്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക ഉയരും. ഇതിനായി കുടുംബശ്രീ മുഖേന ദേശീയപതാകയും നിര്‍മ്മിക്കും. ഖാദി, കൈത്തറി മേഖലകളെയും പതാക ഉത്പാദനത്തില്‍ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി.