റഷ്യയുടെ യുക്രൈന്‍ ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പരിഹസിച്ച് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. റഷ്യന്‍ ആക്രമണത്തില്‍ തന്റെ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ ട്രംപ് ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തുകയും ചെയ്തു. കൂടാതെ പുടിനെതിരെ രംഗത്ത് വരാന്‍ മടിക്കുന്ന ബൈഡന്‍ ഭരണകൂടത്തെ ട്രംപ് വിമര്‍ശിക്കുകയും ചെയ്തു.
റഷ്യന്‍ ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തിയ ട്രംപ് ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും താനായിരുന്നു പ്രസിഡന്റ് എങ്കില്‍ ഇത്തരമൊരു ആക്രമണം നടക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈനെ ആക്രമിക്കാനുള്ള സാഹചര്യം ഉണ്ടാകരുതായിരുന്നു. ഈ വിഷയത്തില്‍ ബൈഡനെ പുടിന്‍ ചെണ്ടയാക്കി മാറ്റിയെന്നും ട്രംപ് പരിഹസിച്ചു. യുക്രൈന്‍ പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്‌കിയെ ധീരനെന്ന് വിളിച്ചാണ് ട്രംപ് പുകഴ്ത്തിയത്. റഷ്യ നടത്തുന്നത് മാനവികതയ്ക്ക് നേരെയുള്ള അതിക്രമമാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
ഫ്ളോറിഡയില്‍ നടക്കുന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മുന്‍ പ്രസിഡന്റ്. റഷ്യന്‍ പ്രസിഡന്റ് പുതിനുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ചും ട്രംപ് പരാമര്‍ശിച്ചു. താനായിരുന്നു അമേരിക്കയുടെ ഭരണതലപ്പത്തെങ്കില്‍ ഒരിക്കലും ഇങ്ങനെയൊരു ആക്രമണത്തിന് അവസരമുണ്ടാക്കില്ലായിരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്.