കാബൂള്‍:താലിബാന് കീഴില്‍ സ്ത്രീകളുടെ ജീവിതം നരകതുല്യം! കൂടെ പട്ടിണിയും പോഷകാഹാരക്കുറവും. കുഞ്ഞുങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്ന അഫ്ഗാനിസ്താനില്‍, വിശപ്പടക്കാന്‍ വകയില്ലാതെ മാതാപിതാക്കള്‍ പെണ്‍കുഞ്ഞുങ്ങളെ വില്‍ക്കുന്നു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ നേരിടുന്ന ക്രൂരമായ ലൈംഗിക അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. ജോലിക്ക് പോയതിനും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെച്ചതിനും ശിക്ഷയായി താലിബാന്‍ ഭരണകൂടത്തിന്റെ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെ വെളിപ്പെടുത്തലുകള്‍ അന്താരാഷ്ട്ര മാധ്യമമായ ‘അഫ്ഗാനിസ്ഥാന്‍ ഇന്റര്‍നാഷണല്‍’ ആണ് പുറത്തുവിട്ടത്. സ്ത്രീകളുടെ അവകാശങ്ങള്‍ ഒന്നൊന്നായി നിഷേധിക്കപ്പെടുന്ന അഫ്ഗാനില്‍, താലിബാനെതിരെ പ്രതികരിക്കുന്നവരെയും അവരുടെ നിയമങ്ങള്‍ ലംഘിക്കുന്നവരെയും അടിച്ചമര്‍ത്താനുള്ള ആയുധമായാണ് ഭരണകൂടം ബലാത്സംഗത്തെ ഉപയോഗിക്കുന്നത്.
അഫ്ഗാനിസ്ഥാൻ ഇന്ന് സ്ത്രീകളുടെ തടവറയായി മാറിയിരിക്കുന്നു, 2021-ൽ താലിബാൻ അധികാരം പിടിച്ചെടുത്തതുമുതൽ ഏകദേശം 140-ഓളം കടുത്ത നിയന്ത്രണങ്ങൾ സ്ത്രീകൾക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ആറ്, ഏഴ് വയസ്സുള്ള പെൺകുട്ടികളെ പോലും വിവാഹം കഴിക്കാൻ അനുവദിക്കുന്ന നിയമങ്ങൾ, ദാരിദ്ര്യം കാരണം പെൺകുട്ടികളെ വിൽക്കുന്ന പ്രവണത, 12 വയസ്സിന് മുകളിലുള്ള പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കൽ, തൊഴിൽ മേഖലയിൽ നിന്ന് 80 ശതമാനം സ്ത്രീകളെ പുറത്താക്കൽ, സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിന് വിലക്ക്, പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കൽ നിർബന്ധമാക്കൽ, ഭർത്താക്കന്മാർക്ക് ഭാര്യമാരെ ഉപദ്രവിക്കാൻ നിയമപരമായ അനുമതി, മെഡിക്കൽ വിദ്യാഭ്യാസം പോലും നിരോധിക്കൽ തുടങ്ങിയ കടുത്ത നടപടികൾ രാജ്യത്തെ സ്ത്രീകളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഈ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ലോകരാജ്യങ്ങൾ നിസ്സംഗത പാലിക്കുന്നതും, ചില രാജ്യങ്ങൾ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്നതും ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു
2021 സെപ്റ്റംബറില്‍ താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയതിന് തൊട്ടുപിന്നാലെയാണ് മോഡലായ ഇരുപത്തിരണ്ടുകാരിക്ക് ഈ ദുരനുഭവം ഉണ്ടായത്. അര്‍ദ്ധരാത്രിയില്‍ ആയുധധാരികളായ താലിബാന്‍ സംഘം വീട്ടില്‍ അതിക്രമിച്ചു കയറുകയും, തന്നെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നെന്ന് യുവതി വെളിപ്പെടുത്തുന്നു. ഈ ക്രൂരത മുഴുവന്‍ അവര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങളായി പകര്‍ത്തി. ടിക്ടോക്കില്‍ സജീവമായിരുന്ന ഇവരുടെ മോഡലിങ് പ്രവര്‍ത്തനങ്ങളാണ് താലിബാനെ ചൊടിപ്പിച്ചത്.
ക്രൂരമായ ഈ അതിക്രമത്തിന്റെ ആഘാതത്തില്‍ ഏഴാം മാസത്തില്‍ പ്രസവിക്കേണ്ടി വന്ന യുവതിയെ ഭര്‍ത്താവും ഉപേക്ഷിച്ചു. പിന്നീട് പാകിസ്താനിലേക്ക് പലായനം ചെയ്ത ഇവരെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി താലിബാന്‍ ഇനിയും വേട്ടയാടുകയാണ്. മറ്റൊരു ഇരയായ ഇരുപത്തിരണ്ടുകാരി മസാര്‍-ഇ-ഷെരീഫില്‍ മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ പരസ്യവിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു. ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ മുഖംമൂടി ധരിച്ച താലിബാന്‍ സൈനികര്‍ സുലൈഖയെ തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോയി നാല് ദിവസത്തോളം തടങ്കലില്‍ പാര്‍പ്പിച്ചു.
ബോധരഹിതയാക്കാന്‍ മരുന്നുകള്‍ നല്‍കി നിരന്തരം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും കേബിളുകള്‍ കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. താലിബാന്റെ നിര്‍ബന്ധിത ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് അവളുടെ മുടി കത്തികൊണ്ട് മുറിച്ചുമാറ്റുകയും ചെയ്തു. ഈ ക്രൂരതയും ദൃശ്യങ്ങളില്‍ പകര്‍ത്തി ബ്ലാക്ക് ് മെയിലിങ്ങിനായി താലിബാന്‍ ഉപയോഗിച്ചു. ക്രൂരമായ പീഡനത്തെ തുടര്‍ന്ന് കടുത്ത വിഷാദരോഗത്തിലായ യുവതി ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു. ഒരു മുന്‍ ജേണലിസം വിദ്യാര്‍ത്ഥിനിയുടെ അനുഭവം ഇതിലും ഭീകരമാണ്. താലിബാന്റെ സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിനാണ് ഈ 24-കാരിയെ ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി കല്ലെറിഞ്ഞു കൊല്ലാന്‍ താലിബാന്‍ കോടതി ഉത്തരവിട്ടു. മരണവാറണ്ട് പുറപ്പെടുവിച്ചതിന് ശേഷവും തടവറയില്‍ വെച്ച് അവര്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു. മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം മൃഗീയമായി കൂട്ടബലാത്സംഗം ചെയ്തു. ഒടുവില്‍ ജര്‍മ്മനിയിലേക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞ ഇവര്‍ ഇപ്പോള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിച്ച് തനിക്കേറ്റ നീതികേടിനെതിരെ നിയമപോരാട്ടത്തിലാണ്. താലിബാന്‍ ഭരണകൂടത്തിന് യാതൊരുവിധ നിയമങ്ങളോ തത്വങ്ങളോ ഇല്ലെന്ന് അഫ്ഗാനിസ്ഥാന്റെ മുന്‍ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി മേധാവി അഹമ്മദ് സിയ സരാജ് വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര സഹായങ്ങള്‍ നിര്‍ത്തുകയും സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിക്കുകയും ചെയ്തതോടെ അഫ്ഗാനിസ്താനിലെ സാധാരണക്കാരുടെ ജീവിതം നരകതുല്യമാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം, ഇവിടെ നാലില്‍ മൂന്ന് പേര്‍ക്കും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നില്ല. തൊഴിലില്ലായ്മ രൂക്ഷമാണ്, ആരോഗ്യരംഗം തകര്‍ന്നു കൊണ്ടിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പട്ടിണിയിലാണ് അഫ്ഗാന്‍. ജനസംഖ്യയുടെ പത്തിലൊന്നിലധികം വരുന്ന 47 ലക്ഷം ആളുകള്‍ ക്ഷാമത്തിന്റെ തൊട്ടടുത്താണ്.
അഫ്ഗാനിസ്ഥാൻ ഇന്ന് ജീവനുള്ള സ്ത്രീകളുടെ ശ്മശാനമാണ്. ശ്വാസമെടുക്കാൻ മാത്രം അനുവാദമുള്ള, എന്നാൽ ജീവിക്കാൻ അവകാശമില്ലാത്ത കോടിക്കണക്കിന് സ്ത്രീകളുടെ തടവറ. 2021 ഓഗസ്റ്റ് 15ന് താലിബാൻ കാബൂളിൽ അധികാരം പിടിച്ചെടുത്തതിനു ശേഷം ഇതുവരെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്മേൽ 140-ഓളം കടുത്ത നിയന്ത്രണങ്ങളാണ് അടിച്ചേൽപ്പിച്ചിട്ടുള്ളത്. ലോകം മനുഷ്യാവകാശങ്ങളെക്കുറിച്ച് വാചാലമാകുമ്പോൾ, ഒരു ജനതയിലെ പകുതിയോളം വരുന്ന സ്ത്രീസമൂഹം ചരിത്രത്തിലെ ഏറ്റവും ഭീകരമായ ‘ലിംഗ വർണവിവേചനത്തിന്’ ഇരയാവുകയാണ്.
പെൺകുട്ടികളുടെ ലേലം താലിബാൻ ഭരണകൂടം അടുത്തിടെ നടപ്പിലാക്കിയ ‘ഡിക്രി നമ്പർ 18’ അഥവാ വിവാഹമോചനത്തിനായുള്ള ജുഡീഷ്യൽ കോഡ്, ആറര കോടി ജനസംഖ്യയുള്ള ആ രാജ്യത്തെ പെൺകുട്ടികളുടെ ജീവിതം പൂർണമായും ഇല്ലാതാക്കുന്ന ഒന്നാണ്. ഈ നിയമപ്രകാരം മുതിർന്ന ഒരു പുരുഷന് 6, 7 വയസ്സുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാം. അതിന് അവളുടെ സമ്മതം പോലും ആവശ്യമില്ല, മൗനം സമ്മതമായി കണക്കാക്കപ്പെടും! ഒൻപത് വയസ്സാകുമ്പോൾ വിവാഹമോചനം ആവശ്യപ്പെടാം എന്നൊരു കപട പഴുത് ഇതിലുണ്ടെങ്കിലും, താലിബാൻ ജഡ്ജിമാരുടെ മുന്നിൽപ്പോയി ഒരു ഒൻപതുവയസ്സുകാരിക്ക് നീതി ചോദിക്കാൻ കഴിയുമെന്ന് കരുതുന്നത് വെറും ഭീരുത്വമാണ്. ദാരിദ്ര്യം കൊടുമ്പിരികൊണ്ട അഫ്ഗാൻ തെരുവുകളിൽ ഇന്ന് പെൺകുട്ടികൾ വെറും വിപണനവസ്തുക്കളാണ്. പഠിക്കാനോ ജോലി ചെയ്യാനോ അനുവാദമില്ലാത്ത പെൺമക്കളെ, ഒരു നേരത്തെ ആഹാരത്തിനായി മാതാപിതാക്കൾ മുതിർന്ന പുരുഷന്മാർക്ക് വിൽക്കുന്നു.
പലപ്പോഴും 2,000 യൂറോയിൽ താഴെ മാത്രമാണ് ഈ കുരുന്നുകളുടെ വില. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അഫ്ഗാനിസ്ഥാനിൽ ബാലവിവാഹ നിരക്ക് 500 ശതമാനത്തോളമാണ് വർധിച്ചത്. കംപ്യൂട്ടർ സയൻസ് ബിരുദം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന കരിഷ്മ എന്ന 24കാരി സാക്ഷ്യപ്പെടുത്തുന്നത് തന്റെ കൂട്ടുകാരി ഫജുന്ദയെ വിവാഹം കഴിഞ്ഞ് ഒന്നര മാസത്തിനുള്ളിൽ ഭർത്താവ് തെരുവിൽ വച്ച് കൊലപ്പെടുത്തിയെന്നാണ്. ‘അഫ്ഗാനിസ്ഥാനിലെ ഒരു പെൺകുട്ടി ഇന്ന് ഭൂമിയിൽ വച്ച് സങ്കൽപ്പിക്കാൻ കഴിയുന്നതിൽ ഏറ്റവും നിസ്സഹായയായ ജീവിയാണ്.’ എന്നാണ് അഫ്ഗാനിസ്ഥാൻ അനലിസ്റ്റ് നെറ്റ്‌വർക്ക് റാഹേൽ റെയ്ഡ് പറഞ്ഞത്. ∙ ഇരുട്ടറയാകുന്ന വീടുകൾ താലിബാൻ 2.0 കൂടുതൽ പരിഷ്കൃതമായിരിക്കും എന്ന രാജ്യാന്തര സമൂഹത്തിന്റെ കണക്കുകൂട്ടലുകൾ പൂർണമായും തെറ്റായിരുന്നു.
തുടക്കത്തിൽ സ്കൂളുകൾ അടച്ചത് താൽകാലികമാണെന്ന് പറഞ്ഞവർ, ഇന്ന് 12 വയസ്സിന് മുകളിലുള്ള പെൺകുട്ടികൾക്ക് വിദ്യാഭ്യാസം പൂർണമായും നിരോധിച്ചു. ലോകത്തിൽ പെൺകുട്ടികൾക്ക് പഠനവിലക്കുള്ള ഒരേയൊരു രാജ്യമായി അഫ്ഗാനിസ്ഥാൻ മാറി. 80 ശതമാനത്തിലധികം സ്ത്രീകളെയാണ് തൊഴിൽ മേഖലയിൽ നിന്ന് പുറത്താക്കിയത്. ബാങ്കുകൾ, കോടതികൾ, എൻജിഒകൾ, ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ എന്നിവയിലെല്ലാം സ്ത്രീവിലക്ക് നിലവിൽ വന്നു. സ്ത്രീകൾക്ക് തനിച്ച് പുറത്തിറങ്ങാൻ കഴിയില്ല. പിതാവോ, സഹോദരനോ, ഭർത്താവോ ആയ ഒരു പുരുഷൻ കൂടെയുണ്ടാകണം. പാർക്കുകൾ, ജിമ്മുകൾ, കഫേകൾ എന്നിവയെല്ലാം സ്ത്രീകൾക്ക് അന്യമാണ്. ഇതിനെല്ലാം പുറമെയാണ് പുതിയ ധാർമിക നിയമങ്ങൾ. സ്ത്രീകൾ പൊതുസ്ഥലത്ത് മുഖം കാണിക്കാനോ, പുരുഷന്മാരെ നോക്കാനോ, സംസാരിക്കാനോ പാടില്ല. സ്ത്രീകളുടെ ശബ്ദം പോലും, മറച്ചുവെക്കേണ്ട ലൈംഗികാവയവത്തിന് തുല്യമായാണ് താലിബാൻ കാണുന്നത്. ജനലിലൂടെ പുറത്തേക്ക് നോക്കാതിരിക്കാൻ വീടുകളുടെ ജനലുകൾ കട്ടവച്ച് അടയ്ക്കാൻ ഉത്തരവിട്ടിരിക്കുന്നു. ഭർത്താവിന് ഭാര്യയെ ക്രൂരമായി മർദിക്കാനും ലൈംഗികമായി പീഡിപ്പിക്കാനും പുതിയ നിയമങ്ങൾ അനുവാദം നൽകുന്നു.
സ്ത്രീകളുടെ ഒരു ചെറിയ തെറ്റിന് പോലും അഞ്ച് മാസം തടവ് ശിക്ഷ നൽകുന്ന നിയമത്തിൽ ഭാര്യയുടെ അസ്ഥി ഒടിക്കുന്ന ഭർത്താവിന് ലഭിക്കുന്നത് വെറും 15 ദിവസത്തെ തടവ് മാത്രമാണ്! അതും ഒരു സ്ത്രീക്ക് താലിബാൻ കോടതിയിൽ തന്റെ ശരീരം കാണിക്കാതെ തെളിയിക്കാൻ കഴിഞ്ഞാൽ മാത്രം. തെരുവിൽ വച്ച് ഏത് പുരുഷനും ഏത് സ്ത്രീയെയും ശിക്ഷിക്കാനുള്ള അധികാരവും പുതിയ ശിക്ഷാനിയമം നൽകുന്നുണ്ട്. ഈ കൊടും ക്രൂരതകൾ താങ്ങാനാവാതെ പ്രതിദിനം നൂറുകണക്കിന് സ്ത്രീകളാണ് രാജ്യത്ത് ആത്മഹത്യ ചെയ്യുന്നത്. ∙ മെഡിക്കൽ വിദ്യാഭ്യാസ നിരോധനവും മരണശിക്ഷയും ഒരുപക്ഷേ ഏറ്റവും ഭീകരമായ തീരുമാനം വന്നത് 2024 ഡിസംബറിലാണ്.
സ്ത്രീകൾക്ക് നഴ്സിങ് ഉൾപ്പെടെയുള്ള മെഡിക്കൽ വിദ്യാഭ്യാസം താലിബാൻ നിരോധിച്ചു. നിലവിൽ പുരുഷ ഡോക്ടർമാർ സ്ത്രീകളെ ചികിത്സിക്കാൻ പാടില്ല എന്ന നിയമമുള്ള രാജ്യത്ത് ഭാവിയിൽ വനിതാ ഡോക്ടർമാർ ഇല്ലാതാകുന്നതോടെ ലക്ഷക്കണക്കിന് സ്ത്രീകളാണ് ചികിത്സ കിട്ടാതെ മരിക്കാൻ പോകുന്നത്. ഇത് അഫ്ഗാൻ സ്ത്രീകൾക്ക് താലിബാൻ നൽകിയ സ്ലോ-പോയിസൺ മരണശിക്ഷയ്ക്ക് തുല്യമാണ്. തങ്ങളുടെ അവകാശങ്ങൾക്കായി തെരുവിൽ സമരം ചെയ്ത സ്ത്രീകളെ താലിബാൻ തടവിലിടുകയും, ഷോക്കടിപ്പിക്കുകയും, ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്തു. രാജ്യാന്തര ക്രിമിനൽ കോടതി താലിബാൻ സുപ്രീം ലീഡർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അതൊന്നും അവരെ ബാധിക്കുന്നില്ല. ∙ രാജ്യാന്തര സമൂഹത്തിന്റെ വഞ്ചന ഈ നരകയാതനകൾക്കിടയിലും ഏറ്റവും വേദനാജനകമായ കാര്യം ലോകരാജ്യങ്ങളുടെ നിലപാടാണ്.
2025ൽ റഷ്യ താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ചു. യൂറോപ്യൻ യൂണിയനാകട്ടെ, അഭയാർഥികളായ അഫ്ഗാനികളെ തിരിച്ചയക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ താലിബാൻ പ്രതിനിധികളെ ബ്രസ്സൽസിലേക്ക് ക്ഷണിക്കുകയാണ് ചെയ്തത്. മനുഷ്യാവകാശങ്ങളുടെ കാവലാളുകളെന്ന് സ്വയം ചമയുന്ന യൂറോപ്പ്, താലിബാന് ചുവപ്പ് പരവതാനി വിരിക്കുകയാണെന്ന് പ്രവാസിയായ അഫ്ഗാൻ മാധ്യമപ്രവർത്തക ഖദീജ അമീൻ ഖേദത്തോടെ പറയുന്നു. മറുവശത്ത്, താലിബാനെ ഭയന്ന് നാടുവിട്ട ലൈല ബാസിമിനെപ്പോലെയുള്ള ചുരുക്കം ചിലർ പാശ്ചാത്യ രാജ്യങ്ങളിൽ സ്വാതന്ത്ര്യം ആസ്വദിക്കുന്നുണ്ടെങ്കിലും 99 ശതമാനം സ്ത്രീകളും ഇപ്പോഴും ആ തടവറയ്ക്കുള്ളിലാണ്. അഫ്ഗാനിസ്ഥാനിലെ ദുരന്തം കേവലം ഒരു രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നമല്ല, അത് മനുഷ്യത്വത്തിന്മേൽ ഏൽക്കുന്ന ഏറ്റവും വലിയ കളങ്കമാണ്. ലോകം താലിബാന്റെ ക്രൂരതകൾക്ക് നേരെ കണ്ണടയ്ക്കുമ്പോൾ, അവിടെ ഒരു ജനതയുടെ പകുതിയോളം വരുന്ന ജീവനുകൾ നിശബ്ദമായി കൊഴിഞ്ഞുപോയ്ക്കൊണ്ടിരിക്കുകയാണ്.


