പി എം ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം വീടുകൾ നിർമ്മിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. പദ്ധതിക്കായി 46,000 കോടി വകയിരുത്തിയതായി ധനമന്ത്രി പറഞ്ഞു. വീടുകളിൽ പൈപ്പ് വെള്ളം എത്തിക്കുന്നതായിനായി 3.8 കോടി വകയിരുത്തിയിട്ടുണ്ട്. ജൽജീവൻ മിഷന് 60,000 കോടി അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു.
രാസവള കൃഷി പ്രോത്സാഹിപ്പിക്കുമെന്നും വിളകൾ സമാഹരിക്കുന്നതിനായി 2.37 ലക്ഷം കോടി അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു. ചെറുകിട ഇടത്തരം മേഖലകൾക്ക് 2 ലക്ഷം കോടി വകയിരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വഴി 80 ലക്ഷം വീടുകൾ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
കൂടാതെ കാർഷിക മേഖലയിൽ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള നടപടികൾ കൈക്കൊള്ളുമെന്നും ധനമന്ത്രി പറഞ്ഞു. വിളകളുടെ പരിചരണവും നിരീക്ഷണവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്. കാര്‍ഷിക സര്‍വകലാശാലകളിലെ സിലബസ് നവീകരിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അഞ്ച് നദീ സംയോജന പദ്ധതികൾക്കായി 46,605 കോടി വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു.നഗരങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്താനുള്ള പദ്ധതികൾക്കും ഊന്നൽ നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 400 പുതുതലമുറ വന്ദേഭാരത് തീവണ്ടികൾ കൊണ്ടുവരുമെന്നതാണ് മറ്റൊരു സുപ്രധാന തീരുമാനം. 25,000 കിലോമീറ്റർ ദേശീയപാത വികസിപ്പിക്കും. ഇലക്ട്രി വാഹന മേഖലയ്ക്ക് പ്രയോജനകരമാകുന്ന വിധത്തിൽ ബാറ്ററി കൈമാറ്റ നയം കൊണ്ടുവരുമെന്നും ധനമന്ത്രി പറഞ്ഞു.