കൊല്ലം : സെമിനാരിയിൽ വൈദിക പഠനത്തിനെത്തിയ നാല് വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പള്ളി വികാരിക്ക് 18 വർഷം കഠിന തടവ് . കൊല്ലം കോട്ടാത്തല സെൻറ് മേരീസ് പള്ളി വികാരിയായിരുന്ന ഫാ. തോമസ് പാറേക്കുളത്തിനാണ് കോടതി ശിക്ഷ വിധിച്ചത്.
പോക്‌സോ നിയമപ്രകാരം മൂന്ന് കേസുകളിലായി അഞ്ചുവർഷം വീതവും ഒരു കേസിൽ മൂന്ന് വർഷവും ഉൾപ്പടെ 18 വർഷം കഠിന തടവ് അനുഭവിക്കണം. ഇത് കൂടാതെ ഓരോ ലക്ഷം രൂപ വീതം പിഴയും അടയ്‌ക്കണം. പിഴത്തുക വിദ്യാർത്ഥികൾക്ക് നൽകാനാണ് കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി (പോക്‌സോ) കെ.എൻ. സുജിത്ത് ഉത്തരവിട്ടത്.
കൊട്ടാരക്കര തേവലപ്പുറം പുല്ലാമല ഹോളിക്രോസ് സെമിനാരിയിലെ വൈദികനായിരുന്നു ഇയാൾ. സെമിനാരിയിൽ പഠിക്കാൻ എത്തിയ വിദ്യാർത്ഥികളെയാണ് പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചത്. തിരുവനന്തപുരം ശിശുസംരക്ഷണസമിതിയിൽ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.എന്നാൽ അതിനിടെ ഇയാൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. പിന്നീട് ചെന്നൈയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.