ന്യുയോർക്ക് : റഷ്യയുടെ ആക്രമണം ഭയന്ന് അമേരിക്ക.റഷ്യ യുക്രെയിനിനെ ഏത് സമയവും ആക്രമിച്ചേക്കാമെന്ന് യുഎസ് ഭയക്കുന്നു. കീവിലെ അമേരിക്കൻ എംബസി ഒഴിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.ഏത് സമയത്തും റഷ്യയുടെ ആക്രമണമുണ്ടായേക്കാമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
കീവിലെ എംബസി ജീവനക്കാരുടെ കുടുംബങ്ങൾ മടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യാമെന്നും, ഇല്ലെങ്കിൽ ഉദ്യോഗസ്ഥരുടെ വിവേചനാധികാരത്തിന് വിടുന്നതായും യുഎസ് ഉത്തരവിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇന്റലിജൻസിന്റെ റിപ്പോർട്ടുകളെക്കുറിച്ച് ജെയ്ക് സുള്ളിവൻ കൂടുതൽ പ്രതികരിച്ചിട്ടില്ല. ഫെബ്രുവരി ഇരുപതിനകം റഷ്യ യുക്രെയിനിനെ ആക്രമിച്ചേക്കാം. യുക്രെയ്നിലുള്ള എല്ലാ യുഎസ് പൗരന്മാരും അടിയന്തരമായി രാജ്യം വിടണമെന്ന് അധികൃതർ അറിയിച്ചു.
ആക്രമണം ഉണ്ടായാൽ യുഎസ് പൗരന്മാരെ രക്ഷിക്കാൻ സൈനികരെ അയയ്ക്കാനാവില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു ലക്ഷത്തോളം സൈനികരെയാണു റഷ്യ യുക്രെയിൻ അതിർത്തിയിൽ വിന്യസിച്ചിട്ടുള്ളത്.
അതേസമയം യുക്രൈനിൽ റഷ്യൻ അധിനിവേശമുണ്ടായാൽ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ വേണ്ടി പോലും സൈന്യത്തെ അയക്കില്ലെന്നും അമേരിക്കയുടെയും റഷ്യയുടെയും സൈനികർ പരസ്പരം വെടിവെക്കുന്നത് ലോകമഹായുദ്ധമാണെന്നും എന്നാൽ നമ്മളിപ്പോൾ ജീവിക്കുന്നത് മറ്റൊരു ലോകത്താണെന്നും യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. റഷ്യ അധിനിവേശം നടത്താൻ സാധ്യത നിലനിൽക്കേ തങ്ങളുടെ പൗരന്മാരോട് യുക്രൈൻ വിടാൻ വീണ്ടും നിർദേശിച്ച് ബൈഡൻ നിർദേശിച്ചിരുന്നു.
എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബൈഡൻ തങ്ങളുടെ പൗരന്മാരോട് കിഴക്കൻ യൂറോപ്പിലെ യുക്രൈനിൽ നിന്ന് മടങ്ങാൻ നിർദേശിച്ചത്. കഴിഞ്ഞ ആഴ്ചയും സമാന നിർദേശം ബൈഡൻ നൽകിയിരുന്നു. ‘ഏതെങ്കിലും തീവ്രവാദ സംഘവുമായി ഏറ്റുമുട്ടുന്നത് പോലെയല്ലിത്, ലോകത്തിലെ ഏറ്റവും വലിയ സൈന്യമുള്ള രാജ്യത്തോടാണ് ഇടപെടുന്നത്. അതിനാൽ കാര്യങ്ങൾ പെട്ടെന്ന് അപകടകരമായേക്കും’ ബൈഡൻ പറഞ്ഞു.