വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ മാറ്റമില്ലാതെ തുടരുന്നു. ചികിത്സയിൽ പ്രവേശിപ്പിച്ച് 36 മണിക്കൂർ പിന്നിടുമ്പോഴും ഇദ്ദേഹത്തിന്റെ ബോധം തിരിച്ചു കിട്ടിയിട്ടില്ല.
വാവ സുരേഷ് ഇപ്പോഴും വെന്റിലേറ്ററിലാണുള്ളത്. കഴിഞ്ഞ ദിവസം വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നതാണ്. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ ഗതിയില്‍ ആയിരുന്നു.
ന്യൂറോ, കാര്‍ഡിയാക് വിദഗ്ധര്‍മാര്‍ അടങ്ങുന്ന അഞ്ചംഗം പ്രത്യേക സംഘത്തിന്റെ മേല്‍ നോട്ടത്തിലാണ് വാവ സുരേഷിന്റെ ചികിത്സ. കോട്ടയം കുറിച്ചി പാട്ടശേരിയിൽ വെച്ചാണ് വാവ സുരേഷിനെ പാമ്പ് കടിച്ചത്. പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ ചാക്കില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ സുരേഷിന്റെ മുട്ടിന് മുകളില്‍ കടിയേൽക്കുകയായിരുന്നു.
നാല് തവണ പാമ്പ് ചാക്കില്‍ നിന്നും പുറത്തു കടന്നു. അഞ്ചാം തവണയും ചാക്കില്‍ കയറ്റാന്‍ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്. കടിയേറ്റിട്ടും സുരേഷ് കൈയ്യില്‍ നിന്നും പിടിവിട്ടു പോയ പാമ്പിനെ പിടിച്ച് കാര്‍ഡ് ബോര്‍ഡ് ബോക്‌സിലാക്കി തന്റെ കാറില്‍ കൊണ്ട് വെച്ചു.
ശേഷം കാലില്‍ കടിയേറ്റ ഭാഗം വെള്ളം കൊണ്ട് കഴുകി രക്തം ഞെക്കിക്കളഞ്ഞു. തുണി കൊണ്ട് മുറിവ് കെട്ടിയ ശേഷമാണ് ആശുപത്രിയിലേക്ക് പോയത്. സുരേഷിന്റെ കാറില്‍ തന്നെയായിരുന്നു ആശുപത്രിയിലേക്ക് പോയത്. എന്നാല്‍ പിന്നീട് ഇദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് വഴിയറിയാത്തതിനാല്‍ നിജുവിന്റെ കാറിലേക്ക് സുരേഷിനെ കയറ്റി.
വഴി മധ്യ സുരേഷ് അവശ നിലയിലായി. ആശുപത്രിയിലെത്തിച്ച വാവ സുരേഷിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം ഗുരുതര അവസ്ഥയിലായിരുന്നു. അപ്പോൾ ഹൃദയത്തിന്റെ പ്രവര്‍ത്തനം 20 ശതമാനം മാത്രമായിരുന്നു. അതേസമയം വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു.