റഷ്യന്‍ അധിനിവേശം തുടരുന്ന സാഹചര്യത്തില്‍ തങ്ങള്‍ ഒന്നും മറക്കില്ലെന്ന മുന്നറിയിപ്പുമായി യുക്രൈന്‍ പ്രസിഡന്‍റ് വൊളൊഡിമര്‍ സെലന്‍സ്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ച യുദ്ധത്തില്‍ ക്രൂരത ചെയ്ത എല്ലാവരെയും ശിക്ഷിക്കുമെന്നും സെലന്‍സ്കി പറഞ്ഞു.
‘ഇത് കൊലപാതകമാണ്,ആസൂത്രിത കൊലപാതകമാണ്. ഞങ്ങളുടെ ഭൂമിയില്‍ അതിക്രമം നടത്തുന്നവരെയെല്ലാം ശിക്ഷിക്കും. ഞങ്ങള്‍ ഒന്നും മറക്കുകയും , പൊറുക്കുകയും ചെയ്യില്ല’- സെലന്‍സ്കി പറഞ്ഞു.
റഷ്യന്‍ അധിനിവേശം പന്ത്രണ്ടാം ദിവസത്തിലെത്തിനില്‍ക്കെ ഇന്ന് മൂന്നാം ഘട്ട സമാധാന ചര്‍ച്ച നടക്കും. അതിനിടെ, യുക്രൈനില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നാലിടത്ത് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഖാര്‍കീവ്, സുമി, കീവ്, മരിയുപോള്‍ എന്നീ നഗരങ്ങളില്‍ ഇന്ത്യന്‍ സമയം 12.30 മുതലാണ് വെടിനിര്‍ത്തല്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രേണിന്റെ അഭ്യര്‍ഥന പ്രകാരമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.