തിരുവനന്തപുരം : കേരളത്തിനെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന സംബന്ധിച്ച് സഭയില്‍ ചര്‍ച്ച നടത്താനാവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ നോട്ടീസ് നല്‍കി. എന്നാല്‍ അടിയന്തര പ്രമേയത്തിന് സഭയില്‍ അനുമതി ലഭിച്ചില്ല.
നടപടിയില്‍ പ്രതിഷേധിച്ച് ഇടത് എം പിമാര്‍ സഭ വിട്ടിറിങ്ങി. ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ യോഗിയുടെ പരാമര്‍ശം സഭ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ചട്ടം 267 പ്രകാരമാണ് നോട്ടീസ് നല്‍കിയത്.
യോഗിയുടെ പരാമര്‍ശം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. പതിവ് പോലെ ജനാധിപത്യവിരുദ്ധ നടപടികളാണ് സഭയുടെ അധ്യക്ഷന്‍ കൈക്കൊണ്ടതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പ്രതികരിച്ചു.
സാമൂഹ്യജീവിതത്തിന്റെ ഒട്ടുമിക്ക സൂചികകളിലും ലോകം തന്നെ മാതൃകയായി കാണുന്ന കേരളത്തെക്കുറിച്ച് ഉത്തര്‍ പ്രദേശിലെ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന ഫെഡറലിസത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ വിഷയത്തില്‍ ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. യോഗിയൊരു ഉഗ്ര വര്‍ഗീയവാദിയാണെങ്കിലും ഇടയ്ക്കു തമാശ പറയും. പക്ഷെ ശുദ്ധ നര്‍മമല്ല മറിച്ചു നെറ്റി ചുളിപ്പിക്കുന്ന ഇനങ്ങള്‍.
യുപിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിക്കുമ്പോഴാണ് കേരളത്തില്‍ വന്ന് ആരോഗ്യമേഖല എങ്ങിനെ ആകണമെന്ന് പണ്ട് അദ്ദേഹം ക്ലാസ്സ് എടുത്തത്. ഗംഗയില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ ഒഴുകി നടന്നപ്പോഴാണ് കൊറോണയില്‍ നമ്മളെ വിമര്‍ശിച്ചത്. സൂക്ഷിച്ചു വോട്ട് ചെയ്തില്ലെങ്കില്‍ യുപി കേരളം ആകുമെന്ന ഓര്‍മ്മപ്പെടുത്തല്‍ ആണ് അദ്ദേഹത്തിന്റെ പുതിയ ഐറ്റം നമ്പര്‍.
കാഷായ വസ്ത്രത്തിനുള്ളിലെ തൊലിക്കട്ടി അപാരം തന്നെ ! വര്‍ഗീയ തിമിരം ഇല്ലായിരുന്നെങ്കില്‍ ജനങ്ങള്‍ ഒന്നടങ്കം യുപി എങ്ങിനെയെങ്കിലും കേരളം ആകട്ടെ എന്നായിരിക്കും തീരുമാനിക്കുക. സ്ഥിതി വിവര കണക്കുകള്‍ അറിയാനാഗ്രഹിക്കുന്ന യുപിക്കാര്‍ അത് മനസ്സിലാക്കിയിരുന്നെങ്കില്‍ എന്ന് ബ്രിട്ടാസ് പറഞ്ഞു.