ആലപ്പുഴ: 2006ല്‍ കാണാതായ ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ കൊന്ന് കഷ്ണങ്ങളാക്കി പള്ളിപ്പുറത്തെ വീടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടുവെന്ന് പ്രതി സെബാസ്റ്റ്യന്‍. 2006 മേയ് മാസത്തിലാണ് കൊലപാതകം നടന്നത്. പഴകിയെന്ന് ഉറപ്പാക്കിയ ശേഷം എല്ലുകള്‍ കത്തിച്ചു. ബിന്ദുവിന്റെ പണം തട്ടിയെടുക്കാനായിരുന്നു കൊലപ്പെടുത്തിയതെന്നും സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ച് സംഘത്തോട് പറഞ്ഞു.
2006ല്‍ കാണാതായ ചേര്‍ത്തല സ്വദേശിനിയായ ബിന്ദു പത്മനാഭനെ മെയ് മാസത്തിലാണ് സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയത്. മോഷണത്തിനായിരുന്നു കൊലപാതകം. മൃതദേഹം കഷ്ണങ്ങളാക്കി വീടിന്റെ വിവിധ ഭാഗങ്ങളില്‍ കുഴിച്ചിട്ട് പിന്നീട് കത്തിച്ചു കളഞ്ഞെന്നുമാണ് പ്രതി സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയത്. കോട്ടയം ക്രൈംബ്രാഞ്ച് സംഘം ജൈനമ്മ കൊലക്കേസില്‍ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് 19 വര്‍ഷം മുന്‍പ് നടന്ന ബിന്ദു വധക്കേസിലെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്.
ബിന്ദുവിന്റെ പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃത്യം നടത്തിയതെന്ന് സെബാസ്റ്റ്യന്‍ സമ്മതിച്ചു. കൊലപാതകത്തിന് ശേഷം ബിന്ദുവിന്റെ മൃതദേഹം കഷ്ണങ്ങളാക്കി വീട്ടുവളപ്പില്‍ പലയിടത്തായി കുഴിച്ചിട്ടതായും, പിന്നീട് മൃതദേഹം അഴുകിയെന്ന് ഉറപ്പുവരുത്തിയ ശേഷം എല്ലുകള്‍ കത്തിച്ചു കളഞ്ഞതായും പ്രതി വെളിപ്പെടുത്തി. ശേഷിച്ച അവശിഷ്ടങ്ങള്‍ പലയിടങ്ങളിലായി ഉപേക്ഷിച്ചുവെന്നും പോലീസിനോട് സമ്മതിച്ചു.
സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് സി.ഐ ഹേമന്ത് കുമാറാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. 19 വര്‍ഷം മുന്‍പ് നടന്ന കൊലപാതകമായതിനാല്‍ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നുണ്ട്. പ്രതിയുടെ നിസ്സഹകരണവും കേസന്വേഷണത്തെ ബാധിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് സംഘം, സെബാസ്റ്റ്യനൊപ്പം പള്ളിപ്പുറത്തെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ശനിയാഴ്ച രാവിലെ ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
എല്ലുകള്‍ കത്തിച്ച ശേഷം അവശേഷിച്ച അവശിഷ്ടങ്ങള്‍ പലയിടങ്ങളിലായി സംസ്കരിച്ചുവെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പള്ളിപ്പുറത്തെ വീട്ടില്‍ സെബാസ്റ്റ്യനെ തെളിവെടുപ്പിന് എത്തിച്ചത്. ഇതിനിടെ നല്കിയ സെബാസ്റ്റ്യന്റെ മൊഴിയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. 17 വര്‍ഷം മുന്‍പു കാണാതായ ബിന്ദു കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ച് അടുത്തിടെയാണു പോലിസ് കേസെടുത്തത്. ഏറ്റുമാനൂര്‍ സ്വദേശി ജെയ്നമ്മയെ സമാന രീതിയില്‍ കൊലപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡിലായ സെബാസ്റ്റ്യനെ കോടതിയില്‍നിന്നു കഴിഞ്ഞ ദിവസം ആലപ്പുഴ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
