മനുഷ്യത്വ രഹിതമായി ഗർഭിണിയെ തല്ലിച്ചതച്ച് മുൻ ഗ്രാമമുഖ്യനും ഭാര്യയും. മഹാരാഷ്ട്രയിലാണ് സംഭവം. മുൻ ഗ്രാമമുഖ്യനും ഭാര്യയും ചേർന്ന് യുവതിയുടെ മുടിയിൽ പിടിച്ച് വലിക്കുകയും ചവിട്ടുകയും വലിച്ചിഴയ്ക്കുകയും ചെയ്തു.
വനംവകുപ്പിന് വേണ്ടി തൊഴിലാളികൾ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. ഫോറസ്റ്റ് റേഞ്ചറേയാണ് മുൻ ഗ്രാമമുഖ്യൻ ജങ്കാറും ഭാര്യ പ്രതിഭ ജങ്കാറും ചേർന്ന് മർദ്ദിച്ചത്. ഗർഭിണിയാണ് എന്നത് പോലും പരിഗണിക്കാതെ ക്രൂരമായാണ് ഇരുവരും ചേർന്ന് യുവതിയെ ആക്രമിച്ചത്.
ഗ്രാമമുഖ്യനെ അറിയിക്കാതെ തൊഴിലാളികളെ മറ്റൊരു സൈറ്റിലേക്ക് ജോലിക്ക് വിട്ടതാണ് പ്രകോപനത്തിന് കാരണം. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥയെ ഫോണിൽ വിളിച്ച് ജങ്കാർ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. തുടർന്ന് നടന്ന വാക്കുതർക്കത്തിന് പിന്നാലെയാണ് ഗർഭിണിയെ ഇവർ ആക്രമിച്ചത്.
സത്താറ ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തിൽ മുൻ ഗ്രാമമുഖ്യനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.