ലോകായുക്തയ്ക്ക് പൂട്ടിട്ട് സര്‍ക്കാര്‍. ലോകായുക്തയുടെ അധികാരം കവരുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി കഴിഞ്ഞു. ഇനി ലോകായുക്ത വിധി സര്‍ക്കാരിന് തള്ളുകയോ സ്വീകരിക്കുകയോ ആവാം.
അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകർ അധികാരസ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ഇത്തരം വിധി ഓരോ വിഷയവുമായി ബന്ധപ്പെട്ട അധികാരി ആരാണോ അവർക്ക് നൽകണമെന്നാണ് നിലവിലെ നിയമം. ഇത് ബന്ധപ്പെട്ട അധികാരി അംഗീകരിക്കണമെന്നാണ് വ്യവസ്ഥ.
ഇതിൽ മാറ്റംവരുത്തി ഇത്തരം വിധിയിൽ അധികാര സ്ഥാനത്തുള്ളയാളിന് ഒരു ഹിയറിങ് കൂടി നടത്തി, വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആര്‍.ബിന്ദുവിനും എതിരായ പരാതികള്‍ ലോകായുക്തയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി.
കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്ന കെ.ടി. ജലീൽ ബന്ധുനിയമനക്കേസിൽ അഴിമതി കാണിച്ചെന്നും മന്ത്രിസ്ഥാനത്ത് ഇരിക്കരുതെന്നും ലോകായുക്ത വിധിച്ചിരുന്നു.
രാജി ഒഴിവാക്കാൻ ജലീൽ സുപ്രീംകോടതിവരെ പോയെങ്കിലും ഫലമുണ്ടായില്ല. ഭേദഗതി വരുന്നതോടെ, സമാന സാഹചര്യത്തിൽ ലോകായുക്തയുടെ വിധിയിൽ മുഖ്യമന്ത്രിക്ക് ഒരു ഹിയറിങ് നടത്തി തീരുമാനമെടുക്കാൻ സാധിക്കും.
ഓർഡിനൻസ് പ്രകാരം ലോകായുക്തയുടെ വിധിയിൽ ബന്ധപ്പെട്ട അധികാരി മൂന്നുമാസത്തിനകം തീരുമാനമെടുക്കണം. ഇല്ലെങ്കിൽ വിധി അംഗീകരിക്കപ്പെട്ടതായി കണക്കാക്കാം.
സർക്കാരിനെതിരേ നിലവിൽ ലോകായുക്തയിൽ നില നിൽക്കുന്ന ചില കേസുകൾ ശക്തമാണെന്ന് മുൻകൂട്ടിക്കണ്ട് കൊണ്ടുവരുന്നതാണ് നിയമഭേദഗതിയെന്ന് വിമർശനങ്ങൾ ഉയർന്ന് കഴിഞ്ഞു. അഴിമതി തെളിഞ്ഞാലും സർക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ചായിരിക്കും വിധി നടത്തിപ്പ് എന്നത് ലോകായുക്തയുടെ പ്രാധാന്യം തന്നെ ഇല്ലാതെയാക്കും.