പുന്നോല്‍ സ്വദേശി ഹരിദാസന്റെ കൊലപാതത്തില്‍ ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യമാണ് കൊലപാതകത്തിന് പിന്നിലുള്ളതെന്ന് വിജയരാഘവന്‍ ആരോപിച്ചു.
കൊലപാതകം നടത്തിയത് ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന ആരോപണം നേരത്തെ തന്നെ സിപിഐഎം ഉയർത്തിയിരുന്നു. കൊലപാതകത്തിലൂടെയാണ് ആര്‍ എസ് എസ് സ്വയം അടയാളപ്പെടുത്തുന്നതെന്നും കലാപമുണ്ടാക്കലാണ് അവരുടെ ലക്ഷ്യമെന്നും വിജയരാഘവന്‍ പറഞ്ഞു. സമാധാനം ആഗ്രഹിക്കുന്ന എല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും വിജയരാഘവന്‍ പറഞ്ഞു.
സിപിഐഎം പതാക ദിനത്തില്‍ത്തന്നെ ആര്‍ എസ് എസ് കൊലപാതകം ആസൂത്രണം ചെയ്തത് യാദൃശ്ചികമല്ല എന്നും വിജയരാഘവൻ പറഞ്ഞു. കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ചാണ് ഈ ആക്രമണമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് ആര്‍ എസ് എസിന്റെ ക്രൂരതയുടെ തെളിവായി തന്നെ കാണണം. അതിലുള്ള രോഷവും വിഷമവും രേഖപ്പെടുത്തുന്നു.
സി പി ഐ എം യാതൊരു പ്രകോപനവും ഉണ്ടാക്കിയിട്ടില്ല. സംഘപരിവാര്‍ നേതാവിന്റേതായി പുറത്തുവന്ന പ്രസംഗം ഇതൊരു ആസൂത്രിതമായ കൊലപാതകമാണെന്ന് വ്യക്തമാക്കുന്നുണ്ട്. കണ്ണൂരില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ ആര്‍ എസ് എസ് അടങ്ങിയിരിക്കില്ലെന്ന സന്ദേശമാണ് ഈ സംഭവത്തിലൂടെ പുറത്തുവരുന്നത് എന്നും എ വിജയരാഘവന്‍ കൂട്ടിച്ചേർത്തു.
ഇന്ന് പുലര്‍ച്ചെയാണ് തലശേരിയില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നത്. തലശേരി ന്യൂമാഹിക്കടുത്തായിരുന്നു സംഭവം. മത്സ്യത്തൊഴിലാളിയായ പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്.