അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനൊപ്പം ഓഹരി വിപണിയിലും മുന്നേറ്റം.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ ഏറ്റവും വലിയ കക്ഷിയായി ബി.ജെ.പി മുന്നേറുന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് ഓഹരി വിപണിയുടെ മുന്നേറ്റം. രാവിലെ 9.16 ഓടെ സെന്‍സെക്‌സ് 1128.22 പോയിന്റ് (2.06%) ഉയര്‍ന്ന് 55,775.55ലെത്തി. നിഫ്റ്റി 314.20 പോയിന്റ് (1.92%) ഉയര്‍ന്ന് 16,659.60ലെത്തി. 1860 ഓഹരികള്‍ നേട്ടത്തിലാണെങ്കില്‍ 185 ഓഹരികള്‍ നഷ്ടത്തിലാണ്. 38 ഓഹരികളില്‍ ഒരു മാറ്റവുമില്ല.
റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണവിലയിലുണ്ടായ കുതിപ്പ് ആഗോള വിപണിക്ക് തിരിച്ചടിയായിരുന്നു. അതിന്റെ പ്രതിഫലം ഓഹരി വിപണിയിലുമുണ്ടായി. ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, എസ്.ബി.ഐ, എച്ച്‌യുഎല്‍, മാരുതി, അള്‍ട്രാടെക് സിമന്റ്, എന്നിവ സെന്‍സെക്‌സില്‍ അഞ്ച് ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. നിഫ്റ്റിയില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് ടാറ്റ മോട്ടോഴ്‌സ് ആണ്.