ഇക്കുറി വലിയ പ്രതീക്ഷയോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ഗോവയില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. കഴിഞ്ഞ തവണ ഗവര്‍മെന്റ് രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും 17 സീറ്റുമായി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇക്കുറി ഗോവയില്‍ അത്ര പോലും മുന്നേറ്റമുണ്ടാക്കാന്‍ കോണ്‍ഗ്രസിനായില്ല. ആകെ 40 സീറ്റുകളില്‍ 20 ഇടത്ത് ലീഡ് ചെയ്യുന്ന ബി.ജെ.പി ഇക്കുറി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്ന് ഉറപ്പായി.
2017ല്‍ ബി.ജെ.പിക്ക് ആകെ 13 സീറ്റാണ് ഗോവയിലുണ്ടായിരുന്നത്. എന്നാല്‍ അന്ന് ചെറുകക്ഷികളെ കൂടെനിര്‍ത്തി ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചു. രണ്ട് വര്‍ഷം കഴിഞ്ഞ് കോണ്‍ഗ്രസിലെ 15 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുകയും ചെയ്തതോടെ ബി.ജെ.പിക്ക് ഭരണം എളുപ്പമായി. തെരഞ്ഞെടുക്കപ്പെട്ട 17 ല്‍ 15 പേരും കൂറുമാറിയതോടെ കോണ്‍ഗ്രസിന് ആകെ രണ്ട് എം.എല്‍.എ മാര്‍ മാത്രമാണ് അവസാനം അവശേഷിച്ചിരുന്നത്.
ഇക്കുറി കുതിരക്കച്ചവടമടക്കം ബി.ജെ.പി യുടെ മുഴുവന്‍ തന്ത്രങ്ങളെയും തടയാന്‍ കരുതലോടെയാണ് കോണ്‍ഗ്രസ് നീക്കങ്ങള്‍ നടത്തിയത്. മൊത്തം സ്ഥാനാര്‍ത്ഥികളെ അമ്ബലങ്ങളിലും പള്ളികളിലുമൊക്കെ എത്തിച്ച് ജയിച്ചാലും തോറ്റാലും പാര്‍ട്ടിക്കൊപ്പം ഉറച്ചു നില്‍ക്കുമെന്നും കൂറുമാറില്ലെന്നും പാര്‍ട്ടി സത്യം ചെയ്യിക്കുക വരെ ചെയ്തു. രാജ്യം ഒന്നടങ്കം കോണ്‍ഗ്രസിനെ നോക്കി പരിഹാസച്ചിരി ചിരിച്ചപ്പോഴും ഗോവയില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ ഫലം പുറത്തുവരുമ്ബോള്‍ ഗോവ ഇക്കുറിയും കോണ്‍ഗ്രസിനെ തുണക്കില്ലെന്ന് ഉറപ്പായി.
ഗോവയില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാവും മുമ്ബേ സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പി അവകാശവാദമുന്നയിച്ച് കഴിഞ്ഞു. ഉടന്‍ തന്നെ ഗവര്‍ണറെ കാണുമെന്ന് ബി.ജെ.പി നേതാക്കള്‍ അറിയിച്ചു. ഗോവയില്‍ 20 സീറ്റുകളില്‍ ബിജെ.പി മുന്നേറ്റം തുടരുകയാണ്. കേവലഭൂരിപക്ഷത്തിന് 21 സീറ്റാണ് വേണ്ടത്. കഴിഞ്ഞ തവണത്തേത് പോലെ ചെറുകക്ഷികളെ കൂടെ നിര്‍ത്തി ഗവര്‍മെന്‍റ് രൂപീകരിക്കാനാവും എന്ന് തന്നെയാണ് ബി.ജെ.പി ഉറച്ച് വിശ്വസിക്കുന്നത്. മൂന്ന് സീറ്റുകളില്‍ ലീഡ് ചെയ്യുന്ന എം.ജി.പി ബി.ജെ.പിക്കൊപ്പം നില്‍ക്കുമെന്നാണ് സൂചനകള്‍.
മൂന്നിടങ്ങളില്‍ സ്വതന്ത്രരും മൂന്നിടങ്ങളില്‍ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ടിയുമാണ് മുന്നിലുള്ളത്. ഇവരുടെ നിലപാട് നിര്‍ണായകമാണ്. രണ്ടിടത്ത് ആം ആദ്മി പാര്‍ട്ടിയും ലീഡ് ചെയ്യുന്നുണ്ട്. ബിജെപി ഒഴികെയുള്ളവര്‍ മുഴുവന്‍ പിന്തുണച്ചാലെ കോണ്‍ഗ്രസിന് ഭരണ സാധ്യത ഉള്ളൂ.