കോണ്‍ഗ്രസിന്റെ സ്വാഭാവിക, ദേശീയ പകരക്കാരാണ് ആം ആദ്മി പാര്‍ട്ടിയെന്ന് രാഘവ് ഛദ്ദ. അരവിന്ദ് കെജ്‌രിവാള്‍ ആയിരക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണെന്നും രാഘവ് ഛദ്ദ. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ നടക്കുന്ന സാഹചര്യത്തിലാണ് ആം ആദ്മി നേതാവിന്റെ പ്രസ്താവന. കോണ്‍ഗ്രസിനെ വലിയ ഭൂരിപക്ഷത്തില്‍ പഞ്ചാബില്‍ പരാജയപ്പെടുത്തുമെന്നാണ് തിരഞ്ഞെടുപ്പ് മേല്‍നോട്ട ചുമതലയുള്ള നേതാവ് രാഘവ് ഛദ്ദ പറയുന്നത്.
40 ശതമാനം വോട്ട് വിഹിതം ആം ആദ്മി നേടുമെന്നാണ് പ്രവചനം. എക്‌സിറ്റ് പോളുകള്‍ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയം പ്രവചിക്കുന്നുണ്ട്. ‘കോടിക്കണക്കിന് ആളുകളുടെ പ്രതീക്ഷയാണ് അരവിന്ദ് കെജ്‌രിവാള്‍. ദൈവം തയ്യാറാണെങ്കില്‍ ആളുകള്‍ അവസരം നല്‍കുകയാണെങ്കില്‍, അദ്ദേഹം തീര്‍ച്ചയായും ഒരു വലിയ പ്രധാനമന്ത്രിയുടെ റോളില്‍ ഉടന്‍ കാണപ്പെടും.
എഎപി ഒരു പ്രധാന ദേശീയ രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നുവരും.’ ഛദ്ദ എഎന്‍ഐയോട് പറഞ്ഞു. 2024ലെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആം ആദ്മി പാര്‍ട്ടിക്ക് 10 വര്‍ഷം പോലും പ്രായമില്ലെന്നും പഞ്ചാബിലും ഡല്‍ഹിയിലും സര്‍ക്കാരുണ്ടാകുമെന്നും ഛദ്ദ പറഞ്ഞു.