ഗോവയില്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ത്ഥികളെ പൂട്ടിയിട്ട് കോണ്‍ഗ്രസ്. കഴിഞ്ഞ തവണത്തേത് പോലുള്ള കൂറുമാറ്റം ഇത്തവണയും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍, ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും അവരുടെ സ്ഥാനാര്‍ത്ഥികളെ റിസോര്‍ട്ടുകളില്‍ പൂട്ടിയിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുറം ലോകവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്.
തിരഞ്ഞെടുപ്പിലേക്ക് മത്സരിച്ച മുഴുവന്‍ സ്ഥാനാര്‍ത്ഥികളേയും സമീപത്തെ ബാംബോലിം ഗ്രാമത്തിലെ ആഡംബര റിസോര്‍ട്ടിലേക്ക് മാറ്റി. വോട്ടെണ്ണല്‍ കേന്ദ്രം സന്ദര്‍ശിക്കാന്‍ പോലും അനുവദിക്കാതെ ഇവരെ പൂട്ടിയിട്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഈ നീക്കത്തെ പരിഹസിച്ച് നിരവധി പേര്‍ രംഗത്തെത്തി. സ്വന്തം സ്ഥാനാര്‍ത്ഥികളെ പോലും വിശ്വാസമില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് അധ:പതിച്ചിരിക്കുന്നുവെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പരിഹസിച്ചു.
സ്ഥാനാര്‍ത്ഥികളെ മറ്റ് പാര്‍ട്ടിയിലേക്ക് കൂറുമാറുന്നത് തടയുന്ന നടപടികളാണ് ബിജെപി ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിച്ചിരിക്കുന്നത്. ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുള്ളത്. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയിട്ടും ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ പോയ 2017ലെ പരാജയം ആവര്‍ത്തിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.