ഗോവ കീഴടക്കാൻ ഒരുങ്ങി ആം ആദ്മി പാർട്ടി. അടുത്തമാസം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പഞ്ചാബ് കഴിഞ്ഞാല്‍ ആം ആദ്മി പാർട്ടി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെക്കുന്ന സംസ്ഥാനം ഗോവയാണ്.
ഗോവയിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളില്‍ ആം ആദ്മിക്ക് പ്രതീക്ഷയുണ്ട്. ബി ജെ പി വിരുദ്ധ വോട്ടുകള്‍ക്കൊപ്പം യുവാക്കളുടെ പിന്തുണയും തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. പ്രശസ്ത അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ അമിത് പലേക്കറാണ് ആം ആദ്മി പാർട്ടിയുടെ ഗോവയിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി.
പനാജിയിൽ നടത്തിയ വാർത്താ സമ്മേളനത്തില് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളാണ് പലേക്കറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
ഗോവയിലെ 40 നിയമസഭാ സീറ്റുകളിലും പാർട്ടി മത്സരിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.
അഴിമത രഹിതമായും വികസനത്താല്‍ മുന്നേറുന്നതുമായി ഒരു ഗോവ ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.’ഞാൻ പറഞ്ഞ ഓരോ വാക്കും ഞാൻ പാലിക്കും. അതൊരു ഗ്യാരണ്ടിയാണ് എന്നാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പലേക്കർ പറഞ്ഞത്.
അരവിന്ദ് കെജ്രിവാള്‍ തന്നെയാണ് ഗോവയിലെ ആം ആദ്മി പാർട്ടിയുടെ താരപ്രചാരകന്‍. ഡൽഹി മുഖ്യമന്ത്രി അടുത്തിടെ ഗോവയിലെ കോർട്ടലിം ഗ്രാമത്തിൽ വീടുവീടാന്തരം കയറി പ്രചാരണം നടത്തിയിരുന്നു.
അതേസമയം പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയേയും എഎപി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഭഗവത് മാനാണ് പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥനാർത്ഥി. പ്രവർത്തകർക്കിടയില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തിയാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്