കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് ആശ്വാസമായി ഹൈകോടതിയുടെ നിർണായക വിധി. കേസിൽ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ ഹൈക്കോടതി അനുമതി നൽകി. വിചാരണക്കോടതിയ്ക്കെതിരെ പ്രോസിക്യൂഷൻ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി വന്നത്.
രണ്ട് പ്രധാനപ്പെട്ട ആവശ്യങ്ങളാണ് പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ ഉന്നയിച്ചിരുന്നത്. ഈ ആവശ്യങ്ങൾ വിചാരണക്കോടതി തള്ളിയിരുന്നു.
കേസിൽ 16 സാക്ഷികളെ കൂടുതൽ വിസ്തരിക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. മൊബൈൽ ഫോൺ രേഖകളുടെ അസ്സൽ പകർപ്പ് ഹാജരാക്കാൻ നിർദേശിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഈ രണ്ട് ആവശ്യങ്ങളും ഹൈക്കോടതി അംഗീകരിച്ചു.
കേസിൽ എത്രയും പെട്ടെന്ന് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് ഹൈക്കോടതി നിർദേശവും നൽകിയിട്ടുണ്ട്. ഈ കേസിലെ രണ്ട് പ്രോസിക്യൂട്ടർമാർ നേരത്തെ രാജി സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള നിർദ്ദേശം കോടതി നൽകിയത്.